ബിജെപി സംസ്ഥാനങ്ങൾ ബോളിവുഡ് സിനിമ പദ്മാവതിക്ക് നിരോധനം ഏർപ്പെടുത്തുമ്പോൾ സിനിമയെ ഇരുകൈയും നീട്ടി സ്വീകരിക്കാനൊരുങ്ങി ബംഗാൾ. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത് ബോളിവുഡ് സിനിമ പദ്മാവതിക്ക് പ്രദർശനത്തിന് പ്രത്യേക സംവിധാനം ഒരുക്കാൻ തയാറാണെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ബൻസാലിയെയും പദ്മാവതി ടീമിനെയും ബംഗാൾ ഇരുകൈയും നീട്ടിസ്വീകരിക്കാൻ ഒരുക്കമാണെന്നും മമത പറഞ്ഞു. മറ്റു സംസ്ഥാനങ്ങളൊന്നും പദ്മാവതി പ്രദർശിപ്പിക്കാൻ തയാറല്ലെങ്കിൽ ബംഗാൾ ഒരുക്കമാണ്.
ചിത്രത്തിന്റെ പ്രദർശനത്തിന് പ്രത്യേക സംവിധാനം ഒരുക്കി നൽകും. ബംഗാൾ അഭിമാനത്തോടെയും സന്തോഷത്തോടെയും ഇക്കാര്യം നിർവഹിക്കുമെന്നും അവർ പറഞ്ഞു. ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയുടെ കോൺക്ലേവിൽ സംസാരിക്കവേ ആയിരുന്നു മമതയുടെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോഡി ചിത്തഭ്രമക്കാരനാണെന്നും മമത പറഞ്ഞു. ബംഗാളിൽ നിക്ഷേപം നടത്താൻ കമ്പനികളെ മോദി സർക്കാർ അനുവദിക്കുന്നില്ലെന്നും അവർ ആരോപിച്ചു.