സംസ്ഥാനത്തുടനീളമുള്ള മദ്രസകളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി പശ്ചിമ ബംഗാൾ സർക്കാർ. രാവിലെയുള്ള അസംബ്ലികളിൽ വന്ദേമാതരം ആലപിക്കണമെന്നാണ് നിർദ്ദേശം. പശ്ചിമ ബംഗാളിലെ എല്ലാ സ്‌കൂളുകളിലും വന്ദേമാതരം ആലപിക്കുന്നത് സംസ്ഥാന സർക്കാർ നിർബന്ധമാക്കി ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ നിർദ്ദേശം.
എല്ലാ അംഗീകൃത, എയ്ഡഡ്, അൺ എയ്ഡഡ് മദ്രസകളിലും ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്നാണ് മദ്രസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള നിർദേശം. സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ കാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്.
മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് സംസ്ഥാനത്തെ എല്ലാ സ്‌കൂൾ അസംബ്ലികളിലും വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കാൻ ഉത്തരവിട്ടത്. സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലും രാവിലെ നടക്കുന്ന അസംബ്ലിയിൽ വന്ദേമാതരം ആലപിക്കാൻ നിർദേശം നൽകിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിക്കുകയായിരുന്നു.