ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് അണ്ണാ ഹസാരെ. കെജ്‌രിവാളിനെ വിമർശിച്ചാണ് അണ്ണാ ഹസാരെ രംഗത്തെത്തിയിരിക്കുന്നത്. കെജ്‌രിവാളിന്റെ ചെയ്തികളാണ് അറസ്റ്റിലേക്കു നയിച്ചതെന്ന് അണ്ണാ ഹസാരെ പറഞ്ഞു.
‘എന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ മദ്യത്തിനെതിരെ ശബ്ദമുയര്‍ത്തിയിരുന്ന കേജ്‌രിവാള്‍ ഇപ്പോള്‍ മദ്യനയം തന്നെ ഉണ്ടാക്കുകയാണ്. ഇതില്‍ ഏറെ ദുഃഖമുണ്ട്. എന്നാല്‍ എന്തു ചെയ്യാന്‍ കഴിയും. സ്വന്തം ചെയ്തികളാണ് അറസ്റ്റിനു കാരണം. ഇനി നിയമം അതിന്റെ വഴിക്കു പ്രവര്‍ത്തിക്കും.’- അണ്ണാ ഹസാരെ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് പ്രതിപക്ഷത്തെ പ്രമുഖ നേതാവായ ആം ആദ്മി പാര്‍ട്ടി കണ്‍വീനറെ ഡല്‍ഹി മദ്യനയക്കേസില്‍ വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ വീട്ടില്‍ നിന്ന് അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 11.30 ഓടെ അദ്ദേഹത്തെ ഇഡി ഓഫീസിലെത്തിച്ചു.
അതേസമയം അറസ്റ്റിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി അരവിന്ദ് കെജ്‌രിവാൾ പിൻവലിച്ചു. വിചാരണ കോടതി റിമാന്‍ഡ് അടക്കമുള്ള നടപടികളിലേക്ക് പോകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ സുപ്രീംകോടതിയിലെ ഹര്‍ജി തുടര്‍ന്നിട്ട് കാര്യമില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹര്‍ജി പിന്‍വലിച്ചത്.
ഇന്ന്ര ണ്ടുമണിയോടെ കേജ്‌രിവാളിനെ കോടതിയില്‍ ഹാജരാക്കും. കേജ്‌രിവാളിനെ ഇഡി അഡീഷനല്‍ ഡയറക്ടര്‍ കപില്‍ രാജ് ചോദ്യം ചെയ്യുകയാണ്. കസ്റ്റഡിയിലുളള ബിആര്‍എസ് നേതാവ് കെ കവിതയ്ക്കൊപ്പവും കേജ്‌രിവാളിനെ ചോദ്യംചെയ്യും.