മുംബൈ ഭീകരാക്രമണത്തില്‍ പാക് ചാരസംഘടനയ്ക്ക് പങ്ക്; താന്‍ പാകിസ്താന്‍ സൈന്യത്തിന്റെ വിശ്വസ്ത ഏജന്റെന്നും തഹവൂര്‍ റാണയുടെ വെളിപ്പെടുത്തല്‍

മുംബൈ ഭീകരാക്രമണത്തില്‍ പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐക്കു പങ്കുണ്ടെന്നു വെളിപ്പെടുത്തി മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ തഹാവൂര്‍ റാണ. പാക്ക് സൈന്യത്തിന്റെ വിശ്വസ്ത ഏജന്റായിരുന്നു താനെന്നും 26/11ന് ആക്രമണം നടക്കുന്നതിന് തൊട്ടുമുന്‍പ് മുംബൈയില്‍ ഉണ്ടായിരുന്നെന്നും മുംബൈ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ റാണ സമ്മതിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലാണ് തഹാവൂര്‍ റാണയിപ്പോള്‍. 2008-ലെ മുംബൈ ഭീകരാക്രമണം എങ്ങനെയാണ് ആസൂത്രണംചെയ്തത്, മുഖ്യസൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെ താന്‍ എങ്ങനെയാണ് സഹായിച്ചത് തുടങ്ങിയ വിവരങ്ങള്‍ റാണ വെളിപ്പെടുത്തിയെന്നാണ് മുംബൈ ക്രൈംബ്രാഞ്ച് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

പാക് സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ചതിന്റെ വിശദാംശങ്ങളും റാണ തുറന്നുപറഞ്ഞു. ഗള്‍ഫ് യുദ്ധത്തിന്റെ സമയത്ത് പാകിസ്ഥാന്‍ സൈന്യം തന്നെ സൗദി അറേബ്യയിലേക്ക് അയച്ചിരുന്നെന്നും റാണ വെളിപ്പെടുത്തി. സുഹൃത്തും സഹായിയുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുമായി ചേര്‍ന്ന് പാകിസ്ഥാനിലെ ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയ്ക്കുവേണ്ടി നിരവധി പരിശീലന പരിപാടികള്‍ നടത്തിയിട്ടുണ്ടെന്നും തഹാവൂര്‍ റാണ വെളിപ്പെടുത്തി. ലഷ്‌കറെ തയിബ പ്രധാനമായും ചാരശൃംഖലയായിട്ടാണു പ്രവര്‍ത്തിച്ചിരുന്നത്.

മുംബൈയില്‍ ഒരു ഇമിഗ്രേഷന്‍ സെന്റര്‍ തുറക്കുക എന്ന ആശയം തന്റേതാണെന്നും അതിലെ സാമ്പത്തിക ഇടപാടുകള്‍ ബിസിനസ് ചെലവുകള്‍ എന്ന നിലയിലാണ് നടത്തിയതെന്നും റാണ പറഞ്ഞു. 26/11 ആക്രമണ സമയത്ത് താന്‍ മുംബൈയില്‍ ഉണ്ടായിരുന്നുവെന്നും അത് തീവ്രവാദികളുടെ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചതായി അന്വേഷണ വൃത്തങ്ങളില്‍ നിന്ന് സൂചനയുണ്ട്. റാണയുടെയും ഡേവിഡ് ഹെഡ്ലിയുടെയും ആസൂത്രണത്തിനൊടുവിലാണ് മുംബൈയില്‍ ഭീകരാക്രമണം നടത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇന്ത്യയില്‍ ‘ഇമിഗ്രന്റ് ലോ സെന്റര്‍’ എന്ന പേരില്‍ ഒരുകമ്പനി സ്ഥാപിച്ചായിരുന്നു ഇരുവരും ഭീകരാക്രമണത്തിന്റെ ആദ്യഘട്ട ആസൂത്രണങ്ങള്‍ ആരംഭിച്ചത്.

കമ്പനിയുടെ ആവശ്യങ്ങള്‍ക്കെന്നപേരില്‍ ഡേവിഡ് ഹെഡ്ലി ഇന്ത്യയിലെ വിവിധനഗരങ്ങളില്‍ സഞ്ചരിച്ചിരുന്നു. ഡല്‍ഹി, മുംബൈ, ജയ്പുര്‍, പുഷ്‌കര്‍, ഗോവ, പൂണെ തുടങ്ങിയ നഗരങ്ങളിലാണ് ഹെഡ്ലി സന്ദര്‍ശനം നടത്തിയത്. ഭീകരര്‍ക്ക് നിരീക്ഷണത്തിനായി സൗകര്യമൊരുക്കുക എന്നതായിരുന്നു കമ്പനി സ്ഥാപിച്ചതിന്റെ പ്രധാനലക്ഷ്യമെന്നും റാണ പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് റാണ ഇന്ത്യയിലെത്തിയിരുന്നു. 2008 നവംബര്‍ 20, 21 തീയതികളില്‍ മുംബൈ പൊവ്വായിലെ ഹോട്ടലില്‍ താമസിച്ചു. തുടര്‍ന്ന് ഭീകരാക്രമണത്തിന് തൊട്ടുമുന്‍പ് ഇയാള്‍ ദുബായ് വഴി ബീജിങ്ങിലേക്ക് കടക്കുകയായിരുന്നു. ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ് പോലുള്ള സ്ഥലങ്ങള്‍ താന്‍ പരിശോധിച്ചതായും 26/11 ആക്രമണം പാകിസ്ഥാന്റെ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്ഐ) യുമായി സഹകരിച്ചാണ് നടത്തിയതെന്നും റാണ പറഞ്ഞു.

ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് പോലെ മുംബൈയിലെ തിരക്കേറിയ സ്ഥലങ്ങളെക്കുറിച്ചുള്ള മുഴുവന്‍വിവരങ്ങളും ശേഖരിച്ച് ഡേവിഡ് ഹെഡ്ലിക്ക് കൈമാറിയത് റാണയാണെന്ന് 2023-ല്‍ മുംബൈ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച 405 പേജ് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കേസിലെ 14 സാക്ഷികളും ഭീകരാക്രമണത്തില്‍ റാണയുടെ പങ്ക് തെളിയിക്കുന്ന മൊഴികളാണ് നല്‍കിയത്. ഖലീജ് യുദ്ധകാലത്ത് പാകിസ്ഥാന്‍ സൈന്യം തന്നെ സൗദി അറേബ്യയിലേക്ക് അയച്ചതായി 64 കാരനായ അദ്ദേഹം പറഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു. ചോദ്യം ചെയ്യലിനുശേഷം, മുംബൈ പോലീസ് റാണയെ എത്രയും വേഗം അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കാന്‍ ഒരുങ്ങുകയാണ്.

ഈ വര്‍ഷം മേയില്‍ ആണ് റാണയെ ഇന്ത്യയിലേക്ക് നാടുകടത്തിയത്. അന്നുമുതല്‍ എന്‍ഐഎയുടെ കസ്റ്റഡിയില്‍ ആണ് ഇയാള്‍. വര്‍ഷങ്ങള്‍നീണ്ട നിയമവ്യവഹാരങ്ങള്‍ക്കും നയതന്ത്രനീക്കങ്ങള്‍ക്കുമൊടുവിലാണ് ഇക്കഴിഞ്ഞ ഏപ്രിലില്‍ തഹാവൂര്‍ റാണയെ യുഎസില്‍നിന്ന് ഇന്ത്യയിലെത്തിച്ചത്. കനേഡിയന്‍ പൗരത്വമുള്ള പാക് വംശജനായ റാണയെ വിട്ടുകിട്ടാന്‍ 2020-ലാണ് ഇന്ത്യ ഔദ്യോഗികനീക്കം നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉടമ്പടിപ്രകാരമായിരുന്നു ഈ ആവശ്യമുന്നയിച്ചത്. അതിനെതിരേ റാണ നിയമവഴി തേടിയെങ്കിലും യുഎസ് സുപ്രീംകോടതി റാണയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവ് ശരിവെയ്ക്കുകയായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ