സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് ശശി തരൂർ. പാർട്ടിയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നും പാർട്ടിയുമായി ഒരു പ്രശ്നമില്ലെന്നും ശശി തരൂർ പറഞ്ഞു. സിപിഐഎമ്മിലേക്ക് പോകുമെന്ന കഥകൾ എവിടുന്നാണെന്ന് തനിക്ക് തന്നെ അറിയില്ലെന്നും ശശി തരൂർ പറഞ്ഞു.
രാഹുൽ ഗാന്ധിയുമായി നടന്നത് ക്രിയാത്മക ചർച്ചയാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്നും ശശി തരൂർ പറഞ്ഞു. രണ്ടു മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു. ചർച്ചകൾ സൗഹാർദ്ദപരം. എല്ലാവിധത്തിലും ഒന്നിച്ചു മുന്നോട്ടുപോകും. തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ കൂടുതൽ സജീവമാകും മെന്ന് താൻ വാക്കു കൊടുത്തു. കഴിഞ്ഞതവണ 56 സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു.
രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ പൂർണ്ണ തൃപ്തിയുണ്ട്. താനും പാർട്ടിയും ഒരേ ദിശയിലാണെന്നും തെരഞ്ഞെടുപ്പിൽ പ്രചാരണത്തിലുണ്ടാകുമെന്നും ശശി തരൂർ ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. കോൺഗ്രസുമായി പിണങ്ങി നിൽക്കുന്ന ശശി തരൂരിനെ ഒപ്പം നിർത്താനുള്ള ശ്രമത്തിലായിരുന്നു സിപിഐഎം. ഇതിൻ്റെ ഭാഗമായി ദുബൈയിൽ നിർണായക ചർച്ചകൾ നടന്നുവെന്ന സൂചനകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.