നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ ആദ്യ പ്രതികരണവുമായി പിണറായി വിജയൻ. തിരഞ്ഞെടുപ്പിലുണ്ടായത് അപത്രീക്ഷിത തോൽവിയാണെന്ന് പറഞ്ഞ പിണറായി വിജയൻ ജനവിധിയെ അംഗീകരിക്കുന്നുവെന്ന് കൂട്ടിച്ചേർത്തു. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി എൽഡിഎഫ് പ്രവർത്തിക്കുമെന്നും തിരഞ്ഞെടുപ്പ് ഫലം സമഗ്രമായി പരിശോധിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
പാർട്ടി പ്രവർത്തകരുടെ അഭിപ്രായങ്ങൾ കേൾക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീർത്തും അപ്രതീക്ഷിതമായ തിരഞ്ഞെടുപ്പ് ഫലമാണ് വന്നിട്ടുള്ളതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. എല്ലാവിധ എതിർപ്രചാരണങ്ങൾക്കും ആക്രമണങ്ങൾക്കും ഇടയിലും എൽഡിഎഫിന് ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി പറയുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.
മൂന്നാംവട്ടം തുടർച്ചയായി പ്രതീക്ഷിച്ച വിജയം കൈവിട്ടെങ്കിലും, വലിയൊരു ജനവിഭാഗം എൽഡിഎഫിനൊപ്പം ഉറച്ചുനിന്നുവെന്നത് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണെന്ന് പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണെന്ന് പിണറായി വിജയൻ പറഞ്ഞു. നവകേരള നിർമ്മാണത്തിനായി എൽഡിഎഫ് മുന്നോട്ടുവെച്ച കാഴ്ചപ്പാടുകൾ — വിജ്ഞാന സമ്പദ്‌വ്യവസ്ഥ, യുവജന തൊഴിൽ, സാമൂഹ്യനീതി, പൊതുആരോഗ്യവും വിദ്യാഭ്യാസവും — ഇവയെല്ലാം ഇനി മുന്നോട്ടുപോകുമെന്ന് ശക്തമായ പ്രതിപക്ഷ നിലപാടിലൂടെ ഉറപ്പാക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.