നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് എട്ട് മണിക്കൂർ പിന്നിടുമ്പോൾ പോളിങ് 60 ശതമാനം കടന്നു. എസ്‌ഐആറിനെ തുടർന്ന് ഇത്തവണ പോളിങ് 80 ശതമാനം കടക്കുമെന്നാണ് സൂചന. എറണാകുളത്ത് കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരെല്ലാം രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.
നിരവധി കന്നിവോട്ടർമാരെ കാണാൻ കഴിഞ്ഞെന്നും ഇതുപോലെ പോളിങ് മുന്നോട്ട് പോവുകയാണെങ്കിൽ പോളിംഗ് ശതമാനം 90 കടന്നേക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം 61.38 ശതമാനം, കൊല്ലം 61.44 ശതമാനം, പത്തനംതിട്ട 59.25 ശതമാനം, ആലപ്പുഴ 62.16 ശതമാനം, കോട്ടയം 61.46 ശതമാനം, ഇടുക്കി 62.35 ശതമാനം, എറണാകുളം 66.00 ശതമാനം, തൃശൂർ 63.17 ശതമാനം, പാലക്കാട് 64.69 ശതമാനം, മലപ്പുറം 62.27 ശതമാനം, കോഴിക്കോട് 64.17 ശതമാനം, വയനാട് 61.43 ശതമാനം, കണ്ണൂർ 62.11 ശതമാനം, കാസർകോട് 61.32 ശതമാനം എന്നിങ്ങനെയാണ് വിവിധ ജില്ലയിലെ പോളിങ് നില.
140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. രാവിലെ മുതൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.