രാജ്യത്തിന്റെ പല ഭാഗത്തും കോവിഡിന്റേതിന് സമാനമായ ലക്ഷണങ്ങളോടെ ജലദോഷപ്പനി വ്യാപകമാകുന്നു. ശ്വാസകോശ പ്രശ്‌നങ്ങളും വിട്ടുമാറാത്ത ചുമയുമാണ് ഭൂരിഭാഗം പേരെയും അലട്ടുന്നത്. ഡല്‍ഹിയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എച്ച്3എന്‍2 വൈറസ് മൂലമുള്ള പനിയാണു വ്യാപകമാവുന്നത് എന്ന മുന്നറിയിപ്പാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും നല്‍കുന്നത്. അനാവശ്യമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുതെന്ന് ഐഎംഎ മുന്നറിയിപ്പ് നല്‍കി.
അന്തരീക്ഷ മാലിനീകരണമാണ് വില്ലനാവുന്നത്. 15 വയസില്‍ താഴെയുള്ളവരെയും 50 വയസിന് മുകളിലുള്ളവരെയുമാണ് രോഗം കൂടുതലായി ബാധിക്കുന്നത്. ഒരാഴ്ച വരെയാണ് പനി നീണ്ടുനില്‍ക്കുക. ഛര്‍ദ്ദി, മനംപുരട്ടല്‍, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍.
മാസ്‌ക് ധരിക്കുക, ആള്‍ക്കൂട്ടങ്ങളില്‍ പോകുന്നത് ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, ശരീരവേദനയും പനിയും ശക്തമാണെങ്കില്‍ പാരസെറ്റമോള്‍ കഴിക്കുക തുടങ്ങിയവയാണ് പകരുന്ന പനിയെ പ്രതിരോധിക്കാന്‍ ഐസിഎംആര്‍ നിര്‍ദേശിക്കുന്നത്.