സംസ്ഥാനത്തെ സമ്പൂര്‍ണ വാക്‌സിനേഷന്‍ 75 ശതമാനം, ദേശീയ ശരാശരിയേക്കാള്‍ മുന്നിലെന്ന് വീണാ ജോര്‍ജ്

സംസ്ഥാനത്ത് സമ്പൂര്‍ണ കോവിഡ് വാക്‌സിനേഷന്‍ 75 ശതമാനമായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 97.38 ശതമാനം പേര്‍ക്ക് (2,60,09,703) ആദ്യ ഡോസ് വാക്സിനും 75 ശതമാനം പേര്‍ക്ക് (2,00,32,229) രണ്ടാം ഡോസ് വാക്സിനും നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 4,60,41,932 ഡോസ് വാക്സിനാണ് നല്‍കിയത്. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണെന്ന് മന്ത്രി വ്യക്തമാക്കി. ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്സിനേഷന്‍ 88.33 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷന്‍ 58.98 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ഇടയ്ക്കിടയ്ക്ക് സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈ വൃത്തിയാക്കുകയും വേണം. വാക്‌സിനേഷനും പ്രധാനമാണ്. ഒമൈക്രോണ്‍ സാഹചര്യത്തില്‍ പ്രത്യേക കോവിഡ് വാക്സിനേഷന്‍ യജ്ഞങ്ങള്‍ നടക്കുകയാണ്. സംസ്ഥാനത്ത് 10 ലക്ഷത്തോളം ഡോസ് വാക്സിനാണ് ഇനി സ്റ്റോക്കുള്ളതെന്ന് മന്ത്രി പറഞ്ഞു.

പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ 99 ശതമാനം പേരും തിരുവനന്തപുരം ജില്ലയില്‍ 98 ശതമാനം പേരും കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 97 ശതമാനം പേരും ആദ്യ ഡോസ് വാക്സിന്‍ എടുത്തിട്ടുണ്ട്. 85 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ നല്‍കിയ വയനാട് ജില്ലയാണ് സമ്പൂര്‍ണ വാക്സിനേഷനില്‍ മുന്നിലുള്ളത്. 83 ശതമാനം പേര്‍ക്ക് സമ്പൂര്‍ണ വാക്സിനേഷന്‍ നല്‍കിയ പത്തനംതിട്ട ജില്ലയാണ് തൊട്ടു പുറകില്‍.

ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്സിനും യഥാക്രമം 91, 93 ശതമാനം രണ്ടാം ഡോസ് വാക്സിനുമെടുത്തിട്ടുണ്ട്. സ്ത്രീകളാണ് പുരുഷന്‍മാരേക്കാള്‍ വാക്സിനെടുത്തത്. സ്ത്രീകള്‍ 2,40,42,684 ഡോസ് വാക്സിനും പുരുഷന്‍മാര്‍ 2,19,87,271 ഡോസ് വാക്സിനുമാണെടുത്തത്.

അതേസമയം കോവിഡ് ബാധിച്ചവര്‍ക്ക് 3 മാസം കഴിഞ്ഞ് മാത്രം വാക്സിനെടുത്താല്‍ മതി. രണ്ടാം ഡോസ് വാക്സിന്‍ എടുക്കാനുള്ളവര്‍ ഒട്ടും കാലതാമസം വരുത്തരുത്. കോവിഷീല്‍ഡ് വാക്സിന്‍ 84 ദിവസം കഴിഞ്ഞും കോവാക്സിന്‍ 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. ഇനിയും വാക്സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്സിന്‍ സ്വീകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ