സംസ്ഥാനത്ത് വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കനക്കുന്നു. കോൺഗ്രസിൽ ചേരി തിരിഞ്ഞാണ് പ്രവർത്തകർ ഏറ്റുമുട്ടുന്നത്. കടുത്തുരുത്തിയിൽ വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകൻ ദേഹത്തു പെട്രോൾ ഒഴിച്ചു. കടുത്തുരുത്തി സ്വദേശി ഫ്രാൻസിസ് ആണ് പ്രതിഷേധിച്ചത്. ഇയാളെ പൊലീസ് എത്തി പിന്തിരിപ്പിച്ചു.
സംസ്ഥാനത്താകെ പലയിടങ്ങളിലായി കെസി വേണുഗോപാലിനും വിഡി സതീശനും രമേശ് ചെന്നിത്തലയ്ക്കുമായി ഫ്ലെക്സ് ബോർഡുകൾ ഉയർന്നു കഴിഞ്ഞു. ഇന്നലെ ഇടുക്കിയിലും കണ്ണൂരിലും കോഴിക്കോടും നെട്ടൂരും സതീശന് അനുകൂലമായി പ്രകടനം നടന്നിരുന്നു. കൂടാതെ ഇന്ന് കോട്ടയത്ത് പുതുപ്പള്ളിയിലും ഈരാറ്റുപേട്ടയിലും പ്രകടനം നടത്താനൊരുങ്ങുകയാണ് പ്രവർത്തകർ.
അതേസമയം, കുന്നത്തൂർ കുമരൻചിറയിലും കെസി വേണുഗോപാലിനായി ഫ്ലെക്സ് ബോർഡ് ഉയർന്നു. യൂത്ത് കോൺഗ്രസിൻ്റെ പേരിലാണ് ഫ്ലെക്സ് ബോർഡ്. അധികാര കസേരയിൽ സാധാരണക്കാരൻ്റെ ശബ്ദം, കുഞ്ഞൂഞ്ഞിന് ശേഷം ഇനി കെ സി എന്ന് വാചകനമുള്ള ഫ്ലെക്സുകളാണ് ഉയർന്നിരിക്കുന്നത്. അതിനിടെ സതീശൻ അനുകൂല പ്രകടനങ്ങൾ നടത്തിയവർക്കെതിരെ ഇടുക്കി ഡിസിസി നടപടിയെടുത്തു.