കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുന്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേരളത്തില്‍ ആര്‍എസ്എസ് നേതാക്കളെ കുറിച്ച് പഠിപ്പിക്കില്ല അത് കെ സുരേന്ദ്രന്റെ സ്വപ്നം മാത്രമാണെന്നാണ് വി ശിവന്‍ കുട്ടി പറഞ്ഞത്. ബദല്‍ പാഠപുസ്തകം ഇറക്കിയ സംസ്ഥാനമാണ് കേരളമെന്ന് പറഞ്ഞ വി ശിവന്‍കുട്ടി പിഎംശ്രീയില്‍ ഒപ്പിട്ടത് കേന്ദ്ര ഫണ്ട് ഉപേക്ഷിക്കാനാവില്ല എന്ന കാരണത്താലാണെന്നും ആവര്‍ത്തിച്ചു.
47 ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന പ്രശ്‌നമാണിതെന്നും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യം വിട്ടുവീഴ്ച ചെയ്യാതെയാണ് ഫണ്ട് വാങ്ങുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു. പാഠപുസ്തകം തയാറാക്കുന്നത് സര്‍ക്കാര്‍ തന്നെയാണ്. എന്‍ഇപിയില്‍ ഇത് പറയുന്നുണ്ട്. ഏത് നിമിഷവും വേണമെങ്കില്‍ പിന്‍മാറാം എന്ന് എംഒയുവില്‍ ഉണ്ടെന്നും വി ശിവന്‍കുട്ടി വിശദീകരിച്ചു. രണ്ട് കക്ഷികളും തമ്മില്‍ ആലോചിച്ചോ, കോടതിയില്‍ പോയോ പിന്മാറാമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.
സിപിഐ എതിര്‍പ്പ് നേതാക്കള്‍ തമ്മില്‍ തീരുമാനിക്കട്ടെയെന്ന് പറഞ്ഞ വി ശിവന്‍കുട്ടി എംഒയുവില്‍ ഒപ്പിടുന്നതിന് മുമ്പ് നിയമോപദേശം തേടിയിട്ടുണ്ടെന്നും വ്യക്തമാക്കി. കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല. എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡു ഉടന്‍ കിട്ടുമെന്നും വിദ്യാഭ്യാസമന്തരി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട ഒന്നും കേരളത്തില്‍ നടപ്പാക്കില്ല. എംഒയുവില്‍ ഒപ്പിട്ടാലെ ഫണ്ട് കിട്ടുകയുള്ളൂ. പല ഫണ്ടും കിട്ടേണ്ടതുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് കേരളത്തില്‍ ആര്‍എസ്എസ് നേതാക്കളെ കുറിച്ച് പഠിപ്പിക്കില്ലെന്ന് കെ സുരന്ദ്രേന് വിദ്യാഭ്യാസമന്ത്രി മറുപടി നല്‍കിയത്. ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ പൂര്‍ണമായി നടപ്പാക്കുമെന്നാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്. മന്ത്രി വി ശിവന്‍കുട്ടിക്ക് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രാധാന്യം മനസ്സിലായിയെന്നും പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതോടെ ഇനി ഹെഡ്‌ഗേവാറിനെക്കുറിച്ചും സവര്‍ക്കറെക്കുറിച്ചും ദീന്‍ ദയാല്‍ ഉപാധ്യായയെക്കുറിച്ചും കേരളത്തിലെ സ്‌കൂളുകളില്‍ പഠിപ്പിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതൊക്കെ പഠിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ പഠിക്കേണ്ടെന്നും കെ സുരേന്ദ്രന്‍ വെല്ലുവിളിച്ചിരുന്നു. കരിക്കുലം പരിഷ്‌കരണത്തിലും കേന്ദ്ര ഇടപെടലുണ്ടാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.