എളംകുളം മെട്രോ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ കൊച്ചിയിലെ സഹോദരൻ അയ്യപ്പൻ റോഡിൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ജൂൺ 29 തിങ്കളാഴ്ച മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചു.
ജൂൺ 29 മുതൽ എല്ലാ ദിവസവും രാത്രി 11 മുതൽ രാവിലെ 6 വരെ വരെയാണ് നിയന്ത്രണം. സഹോദരൻ അയ്യപ്പൻ റോഡിലെ ഫാത്തിമ ചർച്ച് മുതൽ ടോക് എച്ച് റോഡ് വരെയുള്ള ഭാഗത്തായിരിക്കും പ്രധാനമായും ഗതാഗതം നിയന്ത്രിക്കുക. ട്രാഫിക് പോലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ സംയുക്ത നിർദ്ദേശാനുസരണമാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്.
നിയന്ത്രണമുള്ള സമയങ്ങളിൽ ഇരു ദിശകളിലേക്കുമുള്ള വാഹന ഗതാഗതം റോഡിന്റെ ഒരു വശം മാത്രം ഉപയോഗിച്ചായിരിക്കും കടത്തിവിടുക. ഈ റൂട്ടിലൂടെ വാഹനങ്ങളിൽ പോകുന്ന യാത്രക്കാർ ഗതാഗത നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്.
സുഗമമായ യാത്രയ്ക്കായി ട്രാഫിക് പൊലീസിന്റെയും കെഎംആർഎൽ സുരക്ഷാ ജീവനക്കാരുടെയും നിർദ്ദേശങ്ങൾ കർശനമായി അനുസരിക്കാൻ ശ്രദ്ധിക്കണം. എളംകുളം മെട്രോ സ്റ്റേഷനിലെ അറ്റകുറ്റപ്പണികൾ സുരക്ഷിതമായും സമയബന്ധിതമായും പൂർത്തിയാക്കുന്നതിനായി പൊതുജനങ്ങളും വാഹനയാത്രികരും പൂർണ്ണമായി സഹകരിക്കണമെന്ന് കെഎംആർഎൽ അഭ്യർത്ഥിച്ചു.