നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍. കേരളത്തില്‍ ധനസ്ഥിതിയുടെ കാര്യത്തില്‍ നല്ല പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ ധനമന്ത്രി കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ഭാഗത്തുനിന്ന് പണം ലഭിക്കാനുണ്ടെന്നും ആ പ്രശ്നം നിലനില്‍ക്കുന്നുണ്ടെന്നും എങ്കിലും മുന്നോട്ട് പോകാൻ പറ്റുന്ന രീതിയിലേക്ക് കാര്യങ്ങൾ ചെയ്യാൻ പറ്റി എന്നതില്‍ സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു.
അടിസ്ഥാന സൗകര്യ വികസനമുൾപ്പെടെയുള്ള കാര്യങ്ങൾ മെച്ചപ്പെടുമ്പോൾ അതിന്‍റെ മെച്ചം അടുത്ത ഘട്ടങ്ങളിലായി ഉണ്ടാകും. അതുകൊണ്ട് തന്നെ ശുഭ പ്രതീക്ഷയാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബഡ്ജറ്റ് അല്ല. എന്നാല്‍ ക്ഷേമകാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് അവരുടെ വരുമാനം ഉറപ്പാക്കുന്നതിന് എടപെടല്‍ നടത്തേണ്ടതുണ്ട്. ആ തരത്തിലുള്ള ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്. ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ചെയ്യുക എന്നത് ഉത്തരവാദിത്തമാണ്.
12 വർഷമായി കേന്ദ്രം കൊടുത്തുകൊണ്ടിരിക്കുന്ന തുക വർധിപ്പിച്ചിട്ടില്ല. എന്നാല്‍ നമ്മൾ കാലോചിതമായ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്നും ധനമന്ത്രി പറഞ്ഞു. ഹരിത കർമ സേനയ്ക്കും ഓട്ടോ ടാക്സി തൊഴിലാളികൾക്കും ഗ്രൂപ്പ് ഇൻഷുറൻസ്, റോഡ് അപകടത്തിൽപ്പെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ. കൂടുതൽ ആനുകൂല്യങ്ങളോടെ മെഡിസെപ്പ്. എംസി റോഡ് വികസനത്തിന് കിഫ്ബി വഴി 5317 കോടി, വിഴിഞ്ഞത്തിന് ആയിരം കോടി,കെ റെയിലിന് ബദലായുള്ള RRT ലൈനിന് 100 കോടി ഇത്തരത്തില്‍ മികച്ച പദ്ധതികളോടുകൂടിയുള്ളതായിരുന്നു ബജറ്റ്. കാസർകോട് വേഗ റെയിൽ പ്രാരംഭ നടപടികൾക്ക് 100 കോടി വകയിരുത്തിയിട്ടുണ്ട്. കട്ടപ്പന തേനി തുരങ്ക പാതയിൽ സാധ്യത പഠനം, വിഴിഞ്ഞം ടു ചവറ റെയർ എർത്ത് കോറിഡോർ, വയനാട് ദുരന്തബാധിതർക്കായുള്ള ആദ്യ ബാച്ച് വീട് ഫെബ്രുവരിയിൽ കൈമാറുമെന്നും പ്രഖ്യാപനത്തിലുണ്ട്.