മലപ്പുറം താനാളൂരിലെ ബേക്കറിയില്‍ നിന്ന് ആറ് ചാക്ക് മധുരപലഹാരം മോഷ്ടിച്ച് കള്ളന്‍. 35000 രൂപ വിലവരുന്ന പലഹാരങ്ങളുമായി കടന്നുകളഞ്ഞ കള്ളനെ പൊലീസ് പിടികൂടി. ജ്യോതി നഗര്‍ കോളനി കുറ്റിക്കാട്ടില്‍ അഹമ്മദ് അസ്ലമിനെയാണ് (24) അറസ്റ്റ് ചെയ്തത്.
പകരയില്‍ അധികാരത്ത് അഹമ്മദിന്റെ ബേക്കറിയായിരുന്നു മോഷണം. കഴിഞ്ഞ ദിവസം രാത്രി 12നും പുലര്‍ച്ചെ 1.30നും ഇടയില്‍ കടയുടെ ഗ്രില്ല് തകര്‍ത്താണ് പ്രതി അകത്ത് കയറിയത്. ബേക്കറിയില്‍ നിന്നും പണം ലഭിക്കാതിരുന്നതോടെ ഹല്‍വ, ബിസ്‌കറ്റ്, ഈന്തപ്പഴം എന്നിവയും വിലയേറിയ ചോക്ലേറ്റുകളും ചാക്കിലാക്കി പ്രതി കടന്നു കളയുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതി ഓട്ടോയില്‍ എത്തിയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. ഓട്ടോ നമ്പര്‍ വ്യക്തമായില്ലെങ്കിലും ഇരുന്നൂറോളം ഓട്ടോകളില്‍ പരിശോധന നടത്തിയാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
എസ്ഐ ആര്‍ ബി കൃഷ്ണലാല്‍, സീനിയര്‍ സിപിഒമാരായ കെ സലേഷ്, മുഹമ്മദ് കുട്ടി, സിപിഒമാരായ അഭിലാഷ്, ലിബിന്‍, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി ഓട്ടോ ഡ്രൈവറാണ്. ഇയാളുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച പലഹാരങ്ങളില്‍ മിക്കതും കണ്ടെത്തി.