വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാരിന്റെ ഉദ്ദേശം സദുദ്ദേശപരമാണെന്ന് മന്ത്രി കെ മുരളീധരൻ. ബജറ്റ് നിർദേശം ധനബില്ലിൽ ഉൾപ്പെടുത്തി തന്നെ മുന്നോട്ട് പോകുമെന്നും, ബിൽ പാസായാൽ നടപ്പിലാക്കുന്ന കാര്യത്തിൽ യുഡിഎഫുമായി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയതിനല്ലല്ലോ എന്നും മന്ത്രി ചോദിച്ചു.
സമ്പൂർണ്ണ മദ്യനിരോധനത്തിലേക്ക് എത്താനുള്ള സാഹചര്യം നിലവിൽ കേരളത്തിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ശബരിമല കേസിൽ എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും മുരളീധരൻ ഉറപ്പുനൽകി. സ്വർണ്ണ കൊള്ളയെക്കുറിച്ച് വിമർശിക്കുന്നവർ അയോധ്യയിലെ സ്വർണ്ണാഭരണ മോഷണത്തെക്കുറിച്ച് കൂടി പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം നിയന്ത്രണവിധേയമാണെന്നും ഷിഗെല്ല കേസുകൾ കുറയുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ഡെങ്കിപ്പനി ഭീഷണിയും നിയന്ത്രണത്തിലാണ്. മഴ കനക്കുന്ന സാഹചര്യത്തിൽ മാലിന്യ നിർമാർജനം പ്രധാനമാണെന്ന് ഓർമ്മിപ്പിച്ച മന്ത്രി, ബോധവൽക്കരണത്തിനായി മറ്റന്നാൾ തിരുവനന്തപുരത്ത് മന്ത്രിമാരുടെ നേതൃത്വത്തിൽ സംയുക്ത പ്രതിജ്ഞാ പരിപാടി സംഘടിപ്പിക്കുമെന്നും അറിയിച്ചു.