ചിക്കമംഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പതിനഞ്ചുകാരി ശ്രീനന്ദയുടേത് അപകട മരണം അല്ലെന്ന് കുടുംബം. ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത സംശയിക്കുന്നതായാണ് കുടുംബത്തിന്റെ പ്രതികരണം. കുട്ടി ഒറ്റയ്ക്ക് മലമുകളിലേക്ക് എങ്ങനെ പോകുമെന്നും മരിച്ച ശ്രീനന്ദയുടെ ബന്ധുക്കള്‍ ചോദിക്കുന്നു. കാണാതായ ദിവസം തന്നെ കൃത്യമായ തെരച്ചില്‍ നടത്തിയിരുന്നെങ്കില്‍ ശ്രീനന്ദയെ രക്ഷിക്കാമായിരുന്നുവെന്നും ബന്ധു ആരോപിക്കുന്നു.
ഡോഗ് സ്‌ക്വാഡ് കയറിച്ചെന്ന കടയിലെ ആളെ സംശയമുണ്ടെന്നും കടക്കാരനെ പൊലീസ് ചോദ്യം ചെയ്തില്ലെന്നും കുടുംബം കുറ്റപ്പെടുത്തുന്നു. പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്, രോഹിണി ദമ്പതിമാരുടെ മകളാണ് ശ്രീനന്ദ. മാതാപിതാക്കള്‍ ഉള്‍പ്പെട്ട 40 അംഗ സംഘത്തിനൊപ്പം പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തുനിന്ന് എത്തിയതായിരുന്നു ശ്രീനന്ദ. ചൊവ്വാഴ്ച വൈകിട്ടാണ് ശ്രീനന്ദയെ കാണാതാകുന്നത്.
ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപമാണ് പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ 15 വയസുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. തിരച്ചില്‍ ആരംഭിച്ച് മൂന്നാം ദിവസം പിന്നിടുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. ഡ്രോണ്‍ ക്യാമറകളും വിന്യസിച്ചിരുന്നു. 1500 അടി താഴ്ച്ചയില്‍, ബാബ ബുധാന്‍ഗിരിക്ക് താഴെ ഹര്‍ഷന ഗുപ്പയിലാണ് തിരച്ചിലിനിടെ മൃതദേഹം കണ്ടെത്തിയത്.
വെള്ളച്ചാട്ടത്തില്‍ വീണെന്നു സംശയമുയര്‍ന്നെങ്കിലും തിരച്ചിലിനു ശേഷം പൊലീസ് സാധ്യത തള്ളിയിരുന്നു. ചൊവ്വാഴ്ച വൈകിട്ടു മറ്റു രണ്ടു കുട്ടികള്‍ക്കൊപ്പം ശ്രീനന്ദ ഫോട്ടോ എടുത്തിരുന്നു. സംഘം തിരിച്ചിറങ്ങുന്നതിനിടെയാണ് ഒരാളെ കാണാനില്ലെന്ന വിവരം അറിയുന്നത്. ശ്രീനന്ദയ്‌ക്കൊപ്പം എത്തിയ 40 അംഗ സംഘത്തിലെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടെ 15 പേര്‍ അന്വേഷണ സംഘത്തെ സഹായിക്കാന്‍ സ്ഥലത്തു തങ്ങിയിരുന്നു. പശ്ചിമഘട്ടത്തിലെ ചന്ദ്രഗിരി പര്‍വത മേഖലയിലാണു ബാബാ ബുധാന്‍ഗിരി.
മരണത്തില്‍ കുടുംബം ദുരൂഹത ആരോപിക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകിട്ട് 5:20ന് കുടുംബത്തോടൊപ്പം എടുത്ത ഫോട്ടോയില്‍ കുട്ടി പിറകില്‍ നില്‍ക്കുന്നുണ്ട്. എന്നാല്‍ 5:35ന് എടുത്ത് ഫോട്ടോകളില്‍ കുട്ടിയെ കാണാനില്ല. തുടര്‍ന്ന് പ്രദേശത്ത് ശക്തമായ തിരച്ചില്‍ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. നൂറോളം പേരടങ്ങുന്ന സംഘം ഇന്ന രാവിലെ മുതല്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു. കേരള പോലീസ് സംഘവും ഇവിടെ എത്തിയിരുന്നു.