ശബരിമല സ്വർണ്ണപ്പാളി വിവാദത്തില്‍ മാധ്യമങ്ങൾ തന്നെ ക്രൂശിക്കുകയാണെന്ന് സ്പോൺസര്‍ ഉണ്ണികൃഷ്ണൻ പോറ്റി. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തകർക്കാവുന്നതിന്റെ പരമാവധി തകർത്തെന്നും ഇനി പറയാനുള്ളത് കോടതിയിൽ പറയുമെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. അതേസമയം വിജിലൻസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ ഹാജരാകുമെന്നും ഉണ്ണികൃഷ്ണൻ പോറ്റി കൂട്ടിച്ചേർത്തു.
സ്വർണപ്പാളിയുടെ പേരിൽ വ്യാപകമായി പണപ്പിരിവ് നടത്തിയെന്ന് ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തലില്‍ പ്രതികരണം തേടിയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി. മാധ്യമങ്ങൾ തന്നെ ക്രൂശിക്കുകയാണ്. തനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു. തനിക്കൊരു വ്യക്തിത്വമുണ്ട്. തകർക്കാവുന്നതിന്റെ പരമാവധി തകർത്തെന്നും ഇനി പറയാനുള്ളത് കോടതിയിൽ പറയുമെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.
പറയാനുള്ളതോ കോടതിയില്‍ പറയുമെന്ന പ്രതികരിച്ച ഉണ്ണികൃഷ്ണൻ പോറ്റി, വിജിലൻസ് നോട്ടീസ് നൽകിയോ എന്ന് വെളിപ്പെടുത്താന്‍ തയ്യാറായില്ല. ശബരിമലയെ മുൻനിർത്തി സ്പോൺസറായ ഉണ്ണിക്കൃഷ്ണൻ പോറ്റി വ്യാപകമായ പണപ്പിരിവ് നടത്തിയെന്നാണ് ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തൽ. ഭക്തിയുടെ മറവിലായിരുന്നു പണപ്പിരിവ്. ദേവസ്വം ഉദ്യോഗസ്ഥരുടെ പിന്തുണയും പോറ്റിക്കുണ്ടായിരുന്നു. മേൽശാന്തിയുടെ സഹായിയായി വന്ന് വർഷങ്ങൾക്കുള്ളിൽ സ്പോണ്‍സറായി മാറിയ ചരിത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റിക്കുള്ളത്. കിളിമാനൂർ കാരേറ്റ് സ്വദേശിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ അടിമുടി ദുരൂഹതയെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ.