"ലീഗ് വാങ്ങിയ സ്ഥലത്തിന് ആധാരത്തിൽ കാണിച്ച വിലയുടെ നാലിലൊന്ന് പോലും വിലയില്ല, വിൽക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥൻ തന്നെ നിയമോപദേശകൻ''; മുസ്ലീംലീഗിനെ വെട്ടിലാക്കി വീണ്ടും ജലീൽ

വയനാട് ദുരന്തബാധികര്‍ക്ക് വീടുവയ്ക്കാന്‍ മുസ്ലിംലീഗ് വാങ്ങിയ ഭൂമിയുടെ വിലയിൽ വന്‍തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ആവർത്തിച്ച് കെ.ടി ജലീൽ എംഎൽഎയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ലീഗ് വാങ്ങിയ സ്ഥലത്തിന് ആധാരത്തിൽ കാണിച്ച വിലയുടെ നാലിലൊന്ന് പോലും വിലയില്ലെന്ന് ജലീൽ പറയുന്നു. ഭൂമി വാങ്ങുന്നതിന് മുസ്ലിംലീഗുണ്ടാക്കിയ കമ്മറ്റിയെയും ജലീൽ കുറിപ്പിൽ വിമർശിച്ചു. പി.വി അബ്ദുൽ വഹാബ് എം.പി ഉൾപ്പടെ പ്രഗൽഭരായ നിരവധി മുതിർന്ന ലീഗ് നേതാക്കൾ ഉണ്ടായിട്ടും ഭൂമി വാങ്ങാൻ ലീഗുണ്ടാക്കിയത് കത്വ- ഉന്നാവോ ഫണ്ട് മുക്കിയതിൻ്റെ പേരിൽ കോടതിയുടെ അന്വേഷണം നേരിടുന്ന യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പടെയുള്ള മൂന്ന് യൂത്ത് ലീഗ് ഭാരവാഹികളെയാണെന്ന് ജലീൽ കുറ്റപ്പെടുത്തി.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…

ഭൂമി വാങ്ങാൻ ലീഗുണ്ടാക്കിയ “ഇമ്മിണി വലിയ കമ്മിറ്റി”!

വയനാട് ദുരിത ബാധിതർക്ക് വീട് വെച്ച് നൽകാൻ ഭൂമി വാങ്ങുന്നതിന് മുസ്ലിംലീഗുണ്ടാക്കിയ “ഇമ്മിണി വലിയ സബ് കമ്മിറ്റി”യിലെ അംഗങ്ങളെ നോക്കിയാൽ അറിയാം എത്ര ലാഘവത്തോടെയാണ് ലീഗ് ഇത്തരം കാര്യങ്ങളെ കണ്ടതെന്ന്! പൊതുജനങ്ങളിൽ നിന്ന് 40 കോടിയിലധികം രൂപ സർക്കാരിൻ്റെ വെല്ലുവിളിച്ച് ഉണ്ടാക്കിയിട്ടും സർക്കാർ പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് ലീഗിൻ്റെ ഭവന സമുച്ഛയം തുടങ്ങാൻ പോലും കഴിയാത്തതിന് ലക്ഷക്കണക്കിന് മനുഷ്യരോടാണ് ലീഗ് മറുപടി പറയേണ്ടി വരിക!

പി.വി അബ്ദുൽ വഹാബ് എം.പി ഉൾപ്പടെ പ്രഗൽഭരായ നിരവധി മുതിർന്ന ലീഗ് നേതാക്കൾ ഉണ്ടായിട്ടും ഭൂമി വാങ്ങാൻ ലീഗുണ്ടാക്കിയത് കത്വ- ഉന്നാവോ ഫണ്ട് മുക്കിയതിൻ്റെ പേരിൽ കോടതിയുടെ അന്വേഷണം നേരിടുന്ന യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പടെയുള്ള മൂന്ന് യൂത്ത് ലീഗ് ഭാരവാഹികളെയാണ്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ വയനാട്, യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളും മുൻ ലീഗ് എം.എൽ.എ ടി.പി.എം സാഹിറിൻ്റെ മകനുമായ ജിഷാൻ എന്നിവരാണവർ. ഇവരെ കൂടാതെ കമ്മിറ്റിയുടെ കൺവീനറായി പി.കെ ബഷീറിനെയും അംഗമായി വയനാട് ജില്ലാ ലീഗ് സെക്രട്ടറി ടി മുഹമ്മദിനെയും കമ്മിറ്റി ചുമതലപ്പെടുത്തി.

ലീഗ് വാങ്ങിയ സ്ഥലത്തിൻ്റെ സമീപത്ത് ആധാരത്തിൽ കാണിച്ച വിലയുടെ നാലിലൊന്ന് പോലും വിലയില്ലത്രെ. ഈ തട്ടിപ്പ് ഒരിക്കലും അംഗീകരിക്കാൻ ആവില്ലെന്ന നിലപാടിലാണ് ലീഗിലെ സാധാരണ പ്രവർത്തകർ. ലീഗ് വാങ്ങിയ ഭൂമിയുടെ ഉടമസ്ഥരിൽ ഒരാൾ അഭിഭാഷകനാണ്. ഇദ്ദേഹം പ്രമുഖനായ ഒരു ലീഗ് നേതാവിൻ്റെ ഭാര്യയുടെ സ്വന്തം അമ്മാവനാണെന്നും ശ്രുതിയുണ്ട്. അദ്ദേഹത്തെ കൊണ്ടാണ് നിയമ പരിശോധന “സബ് കമ്മിറ്റി” നടത്തിച്ചതെന്നും ആക്ഷേപമുണ്ട്.

വിൽക്കുന്ന സ്ഥലത്തിൻ്റെ ഉടമസ്ഥൻ തന്നെ നിയമോപദേശകനായാൽ ഉണ്ടാകുന്ന എല്ലാ നൂലാമാലകളും സാദിഖലി തങ്ങളുടെ പേരിൽ റജിസ്റ്റർ ചെയ്ത ഭൂമിക്കുണ്ടെന്നാണ് കേൾവി. ലീഗ് വാങ്ങിയ ഭൂമി തോട്ടഭൂമിയാണെന്ന പരാതിയെ തുടർന്ന് ലാൻബോർഡ് വില്ലേജ് ഓഫീസറോട് വിശദീകരണം തേടിയിരുന്നു. വില്ലേജ് റെക്കോർഡിൽ ”കാപ്പി” എന്നാണത്രെ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ റിപ്പോർട്ടിൻ്റെ വെളിച്ചത്തിലാണ് സബ് കളക്ടർ നാല് സ്ഥലമുടമകൾക്ക് രേഖകൾ കൊണ്ടുവരാൻ പറഞ്ഞ് നോട്ടീസയച്ചിരിക്കുന്നത്. നാളെയാണ് ഹിയറിംഗ്. ഉടമസ്ഥരുടെ വാദം കേട്ട ശേഷം ഒറിജിനൽ രേഖകളും കൂടി പരിശോധിച്ച ശേഷമേ ഭൂമിയിൻമേലുള്ള വിവാദങ്ങൾക്ക് അറുതിയാകൂ. അതിന് എത്ര സമയമെടുക്കുമെന്ന് പറയാനാവില്ല. അയലിൻമേൽ കിടക്കുന്ന ഈ ഭൂമി നാലിരട്ടി വില കൊടുത്ത് വാങ്ങി ലീഗിനെ ചതിക്കുഴിയിൽ പെടുത്തിയവരെ വെറുതെ വിടരുത്.

വീടു നിർമ്മാണത്തിന് ഏൽപ്പിച്ച കോൺട്രാക്ടർക്ക് റജിസ്ട്രേഷൻ കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും ഭൂമി കൈമാറാൻ സാധിക്കാത്തത് ഭൂമിയിലെ നിർമ്മാണാനുമതിയെ സംബന്ധിച്ച തർക്കങ്ങളാണ്. അതെന്നു തീരുമെന്ന് ഇനിയും പറയാറായിട്ടില്ല. ലീഗിൻ്റെ വാക്ക് കേട്ട് സർക്കാറിൻ്റെ ടൗൺഷിപ്പിൽ വീടും സ്ഥലവും വേണ്ടെന്ന് പറഞ്ഞ് 15 ലക്ഷം നഷ്ടപരിഹാരം വാങ്ങി പോന്ന നൂറ്റിമൂന്നോളം പേർ പെരുവഴിയിലാക്കുന്ന മട്ടാണ്. സർക്കാർ ടൗൺഷിപ്പ് യുദ്ധകാലാടിസ്ഥാനത്തിലാണ് പുരോഗമിക്കുന്നത്. ഡിസംബറോടു കൂടി വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി പുനരധിവാസത്തിൻ്റെ ആദ്യഘട്ടം കഴിഞ്ഞ് നാടിന് സമർപ്പിക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് ഗവൺമെൻ്.

എന്നാൽ ലീഗിനെ വിശ്വസിച്ച് സർക്കാർ പദ്ധതി ഉപേക്ഷിച്ചവർ കടത്തിണ്ണയിൽ കിടക്കേണ്ടി വരുമോ എന്നാണ് ജനങ്ങളുടെ സംശയം? വയനാട് ദുരന്ത ബാധിതർക്ക് ലീഗിൻ്റെ മുൻകയ്യിൽ ഉണ്ടാകുന്ന ഭവനങ്ങൾ, ഗുജറാത്തിൽ കലാപബാധിതർക്ക് ലീഗ് ഉണ്ടാക്കി നൽകിയ ഷീറ്റിട്ട ചോർന്നൊലിക്കുന്ന വീടുകൾക്ക് സമാനമായവ ആകാതിരുന്നാൽ മഹാഭാഗ്യം!

സാദിഖലി തങ്ങളുടെ പേരിൽ റജിസ്റ്റർ ചെയ്ത ഭൂമിയിൽ നിർമ്മിക്കുന്ന വീടുകളുടെ ഉടമസ്ഥാവകാശം നൂറോളം കുടുംബങ്ങൾക്ക് എന്ന് പതിച്ചു നൽകാനാകുമെന്ന കാര്യത്തിലും ദുരൂഹത തുടരുകയാണ്! പുതിയ വിവാദത്തിൽ മറുപടി പറയാൻ ബാദ്ധ്യസ്ഥരായവർ ലീഗ് സംസ്ഥാന നേതൃത്വമാണ്. അല്ലാതെ വയനാട് ജില്ലാ ലീഗ് നേതാക്കളല്ല. പണം പിരിച്ചുവരും, സ്ഥലം വാങ്ങിയവരും തന്നെ ജനങ്ങളോട് സമാധാനം പറയണം. അല്ലെങ്കിൽ ആകാശത്തു നിന്ന് ദൈവകോപം ലീഗ്ഹൗസിൻ്റെ മോന്തായം കടന്ന് ശീതീകരിച്ച റൂമിലിരിക്കുന്ന നേതൃനിരയുടെ തലയിൽ പതിക്കും.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്