തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ മരിച്ച വേണുവിന്റെ കുടുംബത്തോട് സർക്കാർ സംവിധാനങ്ങൾ കാണിക്കുന്നത് അതിനീചമായ സമീപനമാണെന്ന് വിമർശിച്ച് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. മനുഷ്യത്വം തൊട്ടുതീണ്ടാത്ത സർക്കാർ ആണ് ഇതെന്ന് സൂചിപ്പിച്ച ഷിബു ബേബി ജോൺ എന്തോ തെറ്റ് ചെയ്തവരോട് പെരുമാറുന്നതുപോലെയാണ് സർക്കാർ സംവിധാനങ്ങൾ അവരോട് പെരുമാറുന്നതെന്നും കുറ്റപ്പെടുത്തി.
ഫേസ്ബുക്കിലൂടെയാണ് ഷിബു ബേബി ജോണിന്റെ പ്രതികരണം. ഏകആശ്രയമായിരുന്ന വേണുവിനെ നഷ്ടപ്പെട്ട് അങ്ങേയറ്റം ദുഃഖത്തിലായ കുടുംബത്തെ മൊഴി എടുക്കാൻ ആരോഗ്യ വകുപ്പ് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരിക്കുകയാണ് എന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ആ കുടുംബം ഒരു തെറ്റും ചെയ്തിട്ടില്ല. എന്തോ തെറ്റ് ചെയ്തവരോട് പെരുമാറുന്നതുപോലെയാണ് സർക്കാർ സംവിധാനങ്ങൾ അവരോട് പെരുമാറുന്നത്. അവരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്താതെ അവരുടെ അടുത്തുപോയി മൊഴി എടുക്കുകയാണ് വേണ്ടതെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്
മനുഷ്യത്വം
തൊട്ടുതീണ്ടാത്ത സർക്കാർ
വേണുവിന്റെ കുടുംബത്തോട് ഈ സർക്കാർ സംവിധാനങ്ങൾ കാണിക്കുന്നത് അതിനീചമായ സമീപനമാണ്. ഏകആശ്രയമായിരുന്ന വേണുവിനെ നഷ്ടപ്പെട്ടത്തിനു ശേഷം അങ്ങേയറ്റം ദുഃഖത്തിലായ ആ കുടുംബത്തെ ഇപ്പോൾ, മൊഴി കൊടുക്കാൻ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
ആ കുടുംബം ഒരു തെറ്റും ചെയ്തിട്ടില്ല. എന്തോ തെറ്റ് ചെയ്തവരോട് പെരുമാറുന്നതുപോലെയാണ് സർക്കാർ സംവിധാനങ്ങൾ അവരോട് പെരുമാറുന്നത്. അവരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തുകയല്ല, അവർ ഉള്ളിടത്ത് പോയി മൊഴി എടുക്കുകയാണ് വേണ്ടത്.
ഇനി അതല്ല, തിരുവനന്തപുരത്ത് ഈ തമ്പുരാക്കന്മാരെ മുഖം കാണിച്ച് മൊഴി കൊടുക്കണമെന്നാണെങ്കിൽ അതിന് ഞാൻ തയ്യാറാണ്. എല്ലാ രേഖകളുമായി വന്ന് ഞാൻ മൊഴി നൽകാം. അത് മതിയോ?
ഈ കുടുംബത്തെ ഇങ്ങനെ ദ്രോഹിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല. അത് ഏത് തമ്പുരാക്കന്മാരായാലും, ആ മന:സ്ഥിതി കൈയിൽ വെച്ചാൽ മതി. മൊഴി എടുക്കേണ്ടവർ ഈ കുടുംബത്തെ അവരുടെ വീട്ടിൽ വന്ന് കാണണം. അല്ലാതെ അവരെ ഈ അവസ്ഥയിൽ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി ഏതെങ്കിലും തരത്തിൽ ഭീഷണിപ്പെടുത്തി സമ്മർദ്ദം ചെലുത്തി തെറ്റായ മൊഴി കൊടുപ്പിക്കാനാണ് ഉദ്ദേശമെങ്കിൽ ശക്തമായ പ്രതിഷേധം സർക്കാർ നേരിടേണ്ടി വരും.