തിരുവനന്തപുരം വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതി. പെൺകുട്ടി ട്രെയിനിൻ്റെ വാതിൽക്കൽ നിന്നും മാറിയില്ലെന്നും ഇതിൻ്റെ ദേഷ്യത്തിൽ ചവിട്ടിയിട്ടുവെന്നും സുരേഷ് പൊലീസിന് മൊഴി നൽകി. ഇന്നലെയായിരുന്നു ട്രെയിനിൽ മദ്യപിച്ചെത്തിയ സുരേഷ് പെൺകുട്ടിയെ തള്ളിയിട്ടത്.
പിന്നിൽ നിന്നുമാണ് ചവിട്ടിയതെന്നും ഒറ്റക്കാണ് യാത്ര ചെയ്തിരുന്നതെന്നും പ്രതി മൊഴിയിൽ പറയുന്നു. അതേസമയം പ്രതിക്ക് മുമ്പ് കേസുണ്ടോയെന്ന് പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. കസ്‌റ്റഡിയിലുളള പ്രതി സുരേഷ് പെൺകുട്ടിയെ തള്ളിയിട്ടത് തന്നെയെന്ന് റെയിൽവേ പൊലീസും സ്ഥിരീകരിച്ചു.
കോട്ടയത്ത് നിന്നും മദ്യപിച്ചാണ് പ്രതി ട്രെയിനിൽ കയറിയത്. ശുചിമുറി ഭാഗത്ത് നിന്നിരുന്ന പ്രതി പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം നടത്തിയത്. ഇന്നലെ കസ്റ്റഡിയിലെടുത്ത സമയത്ത് സംഭവത്തിലെ പ്രതി താനല്ല എന്ന് സ്ഥാപിക്കാനുള്ള ശ്രമം നടത്തിയിരുന്നു. അതേസമയം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഉച്ചക്ക് കോടതിയിൽ ഹാജരാക്കും.