പള്‍സര്‍ സുനി അടക്കം എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്; 50,000 രൂപ പിഴ അടയ്ക്കണമെന്നും കോടതി; അതിജീവിതയ്ക്ക് അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും കോടതി

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി അടയ്ക്കം ഒന്നുമുതല്‍ 6 പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രതികളുടെ പ്രായം കണക്കിലെടുത്താണ് 20 വര്‍ഷത്തെ കഠിന തടവെന്ന ശിക്ഷയിലേക്ക് എത്തിച്ചേര്‍ന്നതെന്നും വിധിന്യായത്തില്‍ പറയുന്നു.  ഒന്നാം പ്രതി എൻ.എസ്.സുനിൽ (പൾസർ സുനി). രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി.മണികണ്ഠൻ, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി എച്ച്.സലിം, ആറാം പ്രതി പ്രദീപ് എന്നിവർക്കാണ് കൂട്ടബലാത്സംഗ കേസിൽ 20 വർഷം കഠിനതടവ് വിധിച്ചിരിക്കുന്നത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം.

പ്രതികള്‍ ഒരോരുത്തരും 50,000 രൂപ വെച്ചു പിഴയൊടുക്കണമെന്നും അതില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഐടി ആക്ട് പ്രകാരം പള്‍സര്‍ സുനിയ്ക്ക് അഞ്ച് വര്‍ഷം തടവ് കൂടി ശിക്ഷയുണ്ടെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകുമെന്നാണ് കോടതിയുടെ തീര്‍പ്പ്. വിചാരണ കാലയളവില്‍ ജയിലില്‍ കിടന്ന കാലയളവ് കുറച്ചതിന് ശേഷം മാത്രം ശിക്ഷ അനുഭവിച്ചാല്‍ മതി.  കേസിലെ പ്രധാന തെളിവായ പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥനോട് സൂക്ഷിച്ചുവെയ്ക്കാന്‍ കോടതി ഉത്തരവിട്ടു. ഒരു കാരണവശാലും പുറത്തുവരാത്ത രീതിയില്‍ ഇത് കൈകാര്യം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. അതിജീവിതയുടെ വിവാഹനിശ്ചയമോതിരം തിരികെ നൽകണമെന്ന് കോടതി പറഞ്ഞു. തൊണ്ടിമുതലിന്റെ ഭാഗമായുള്ള മോതിരമാണ് അതിജീവിതയ്ക്ക് തിരികെ നൽകേണ്ടത്. വിവാഹ മോതിരം കാണത്തക്ക വിധത്തിലാണ് പ്രതികൾ കൂട്ടബലാത്സംഗം നടന്ന ദിവസത്തിൽ വിഡിയോ ചിത്രീകരിച്ചത്.

കൂട്ടബലാല്‍സംഗ കേസില്‍ ഇന്ത്യന്‍ നിയമ സംവിധാനത്തിലെ ഏറ്റവും കുറഞ്ഞ ശിക്ഷയാണ് 20 വര്‍ഷം കഠിന തടവ്. മരണം വരെ ജീവപര്യന്തം എന്നതാണ് കൂട്ടബലാല്‍സംഗ കേസിലെ പരമാവധി ശിക്ഷ. പ്രോസിക്യൂഷന്‍ പരമാവധി ശിക്ഷ പ്രതികള്‍ക്ക് നല്‍കണമെന്ന വാദമാണ് ഉന്നയിച്ചതെങ്കിലും അതിന് സാധിച്ചില്ല. ഒന്നാം പ്രതിയായ പള്‍സര്‍ സുനിയ്ക്ക് പോലും പരമാവധി ശിക്ഷ വാങ്ങിനല്‍കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.

11.30യ്ക്ക് ശിക്ഷാവിധിയില്‍ വാദം ആരംഭിച്ചത് ഒന്നര മണിക്കൂറോളം നീണ്ടിരുന്നു. മൂന്നരയ്ക്ക് വിധി പറയുമെന്നാണ് ജഡ്ജി ഒരു മണിക്ക് വാദം കഴിഞ്ഞ ശേഷം പറഞ്ഞതെങ്കിലും നാലരയ്ക്ക് ശേഷമാണ് ജഡ്ജി ചേംബറിലേക്ക് വന്നത്.  പുറത്തുനടന്ന ഒരു വാദപ്രതിവാദങ്ങളും കോടതിയെ ബാധിച്ചിട്ടില്ല. തെളിവ് മാത്രം പരിഗണിച്ചാണ് വിധിയെന്നും കോടതി പറഞ്ഞു. ഒരു സ്ത്രീയുടെ അന്തസിന് ബാധിക്കുന്ന ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്നും കോടതി പറഞ്ഞു.

രണ്ടാം പ്രതി മാര്‍ട്ടിൻ വിധി പ്രസ്താവം കേട്ടതോടെ കോടതിയിൽ പൊട്ടിക്കരഞ്ഞു. ശിക്ഷ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർട്ടിൻ കോടതിയിൽ പൊട്ടിക്കരഞ്ഞത്. കോടതി മുറിയിൽ കരച്ചിലടക്കാനാകാതെ ആറാം പ്രതി പ്രദീപ്.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളായ എന്‍.എസ്.സുനില്‍, മാര്‍ട്ടിന്‍ ആന്റണി, ബി.മണികണ്ഠന്‍, വി.പി.വിജീഷ്, എച്ച്.സലീം, പ്രദീപ് എന്നിവരുടെ അഭിഭാഷകരാണ് ശിക്ഷ ഇളവിനായി വാദിച്ചത്. പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായിരുന്നു. നടിയുടെ വക്കീല്‍ ഉണ്ടോയെന്ന് കോടതി ചോദിച്ചു. നടിക്ക് വേണ്ടി വക്കീല്‍ എത്തിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ മാത്രമാണ് ഉള്ളതെന്നും മറുപടി. സമൂഹത്തിന് മാതൃകയാകുന്ന വിധത്തില്‍ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. സമൂഹത്തിനുവേണ്ടിയാണോ വിധിയെഴുതേണ്ടതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. ഇനി ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ വരുമെന്നു പ്രോസിക്യൂഷന്‍ പറഞ്ഞപ്പോള്‍ ഇനി ഈ കേസില്‍ അന്വേഷണം ഉണ്ടോയെന്ന് കോടതി ചോദിച്ചു. ഈ കേസില്‍ അല്ല ഇനിയും കേസുകള്‍ ഉണ്ടല്ലോ അതില്‍ അന്വേഷണം നടക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ പറഞ്ഞത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ