തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരമുണ്ടായി എന്നത് തെറ്റായ പ്രചാരണമാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഭരണവിരുദ്ധ വികാരമുണ്ടായതായി ഇടതുപക്ഷത്തിന്റെ ഒരു വേദിയിലും ചർച്ചയുണ്ടായില്ലെന്ന് പറഞ്ഞ മന്ത്രി മുഖ്യമന്ത്രി ഏകപക്ഷീയമായി ഒരു തീരുമാനവും എടുത്തിട്ടില്ല എന്നും കൂട്ടിച്ചേർത്തു. നടക്കുന്നത് തെറ്റായ പ്രചാരണമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു
മുഖ്യമന്ത്രി ഏകപക്ഷീയമായി ഒരു തീരുമാനവും എടുത്തിട്ടില്ല. അത് തെറ്റായ വിലയിരുത്തലാണ്. എൽഡിഎഫിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിന് വേണ്ടിയാണ് പ്രചാരണം നടത്തുന്നത്. ഹിമാലയൻ പരാജയം ഉണ്ടായിട്ടില്ല. ജനവിധി മാനിക്കുന്നു. എല്ലാ തീരുമാനവും ഏകകണ്ഠമായെടുത്തതാണെന്നും വോട്ടിങ് പാറ്റേണിനെ ഭരണ വിരുദ്ധ വികാരമായി കാണാൻ കഴിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലെ വിധിയെഴുത്തിൽ ശബരിമല സ്വർണക്കൊളളയടക്കം പ്രതിഫലിച്ചെന്ന് സിപിഐ വിലയിരുത്തലുണ്ടായി. മുഖ്യമന്ത്രി മുന്നണിയെ വിശ്വാസത്തിലെടുക്കാതെ ഒറ്റയാൾ പട്ടാളം പോലെ പെരുമാറുന്നുവെന്നും സിപിഐ യോഗത്തിൽ വിമർശനമുണ്ടായി. ശക്തികേന്ദ്രങ്ങളിൽ പോലും തിരിച്ചടി ഉണ്ടായെന്ന് സിപിഎം സമ്മതിക്കുന്നു. സർക്കാർ വിരുദ്ധ വോട്ടുകൾ വീണെന്നാണ് സിപിഐ നേതൃയോഗത്തിന്‍റെ വിലയിരുത്തൽ.