എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. എയിംസ് എവിടെ സ്ഥാപിക്കണമെന്നു തീരുമാനിക്കുന്നത് കേന്ദ്രമാണെന്നും സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്നും രമേശ് പറഞ്ഞു.
ഇന്ന ജില്ലയിൽ വേണമെന്ന് ബിജെപി കേരള ഘടകത്തിനു നിർബന്ധമില്ല. ഏത് ജില്ലയിലാണെങ്കിലും സ്വാഗതം ചെയ്യും. എവിടെ സ്ഥാപിക്കണമെന്നു തീരുമാനിക്കുന്നത് കേന്ദ്രമാണ്. മാനദണ്ഡങ്ങളനുസരിച്ചായിരിക്കും കേന്ദ്രം തീരുമാനമെടുക്കുന്നത്.
തൃശൂരിലോ ആലപ്പുഴയിലോ ഇല്ലെങ്കിൽ തമിഴ്നാട്ടിലേക്കു പോയിക്കോട്ടെ എന്നെല്ലാം സുരേഷ് ഗോപി പറഞ്ഞത് വ്യക്തിപരമാണ്. എന്നാൽ അത്തരം അഭിപ്രായം ബിജെപിക്കില്ല. എയിംസ് കേരളത്തിനാണാവശ്യം. ഒരു ജില്ലയിലെ ആളുകൾക്കല്ല എയിംസ് നൽകുന്നത്. കേരളത്തിനാണ്. ജില്ലാ കമ്മിറ്റികൾ സ്വന്തം ജില്ലയിൽ വേണമെന്ന ആവശ്യം ഉന്നയിക്കുന്നതിൽ തെറ്റില്ല. കേരളത്തിന് അവകാശപ്പെട്ട എയിംസ് കേരളത്തിന് തന്നെ കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിൽ തന്നെ എയിംസ് സ്ഥാപിക്കണമെന്ന നിലപാട് ആവർത്തിക്കുന്ന സുരേഷ് ഗോപിയുടെ നിലപാടിനെതിരെ ബിജെപിയിൽ തർക്കം രൂക്ഷമാകുന്നുണ്ട്. സുരേഷ് ഗോപിയുടെ നിലപാടിനെതിരെ സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചു. എയിംസുമായി ബന്ധപ്പെട്ട് ബിജെപിയിൽ കഴിഞ്ഞ കുറെ കാലമായി തർക്കം നിലനിൽക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ സംസ്ഥാന ജന.സെക്രട്ടറി അനൂപ് ആൻറണിയാണ് ദേശീയ നേതൃത്വത്തിന് പരാതി നൽകിയത്. പരസ്യ നിലപാട് ആവർത്തിക്കുന്ന സുരേഷ് ഗോപിയെ അടക്കി നിർത്താൻ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് വിവരം. അടുത്ത ആഴ്ച പ്രധാനമന്ത്രിയെ രാജീവ് ചന്ദ്രശേഖർ നേരിൽ കാണും.