ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോര്‍ട്ടിലെ പിഴവുകള്‍ തിരുത്തി പുതിയ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. ഓഡിറ്റ് റിപ്പോര്‍ട്ട് ഇല്ലെന്ന ആദ്യ പ്രസ്താവന ദേവസ്വം ബോര്‍ഡ് പിന്‍വലിക്കുകയും റിപ്പോര്‍ട്ട് ഉണ്ടെന്ന് കെ ജയകുമാര്‍ സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം, ഓഡിറ്റ് റിപ്പോര്‍ട്ട് അന്തിമമല്ലെന്നും റിപ്പോര്‍ട്ടില്‍ കൂടുതല്‍ കൃത്യത വരാനുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. മുന്‍പുണ്ടായിരുന്ന അവ്യക്തതകള്‍ നീക്കി പുതിയ ഓഡിറ്റ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണ് ബോര്‍ഡിന്റെ ഇപ്പോഴത്തെ നീക്കം. പിഴവ് ഓഡിറ്ററുടേതല്ലെന്നും ദേവസ്വം ബോര്‍ഡിന്റേതാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ തുറന്നു സമ്മതിച്ചു.
ഓര്‍ഡിറ്റ് റിപ്പോര്‍ട്ടില്‍ 27ന് മുമ്പ് വ്യക്തത വരുത്തുമെന്നും ഇതിനായി ടാക്‌സ് ഫോഴ്സ് രൂപീകരിച്ചെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു. ഓഡിറ്റ് റിപ്പോര്‍ട്ടിലെ പല പരാമര്‍ശങ്ങള്‍ക്കും കാരണം ഓഡിറ്ററുടെ പിഴവല്ലെന്നും, മറിച്ച് ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി.
ഓഡിറ്ററുമായി കൃത്യമായ ആശയവിനിമയം നടന്നില്ല. പത്ത് ദിവസത്തിനകം വ്യക്തത വരുത്തി ഓഡിറ്ററെ അറിയിക്കും. ഓഡിറ്ററുടെ കുറ്റമാണെന്ന് പറയാന്‍ കഴിയില്ല. പക്ഷേ വസ്തുതപരമായ പിശകുകള്‍ ഉണ്ടായിട്ടുണ്ട്. ബില്ലുകള്‍ ഫിസിക്കല്‍ ആയി വെരിഫൈ ചെയ്യുന്നതിലും അസറ്റ് രജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി വാലിഡേറ്റ് ചെയ്യുന്നതിലും ഉണ്ടായ കാലതാമസമാണ് റിപ്പോര്‍ട്ടില്‍ തെറ്റായ വിവരങ്ങള്‍ കടന്നുകൂടാന്‍ കാരണമായത്. ഓഡിറ്റര്‍ക്ക് സമയോചിതമായ മറുപടി നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നും അത്തരത്തില്‍ റിപ്പോര്‍ട്ടില്‍ പിശകുകള്‍ സംഭവിച്ചുവെന്നും ദേവസ്വം ബോര്‍ഡ് സമ്മതിച്ചു. റിപ്പോര്‍ട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ ബോര്‍ഡ് നിയോഗിച്ചിട്ടുണ്ട്. ദേവസ്വം കമ്മീഷണര്‍, അക്കൗണ്ട്‌സ് ഓഫീസര്‍, ചീഫ് എഞ്ചിനീയര്‍ എന്നിവരടങ്ങുന്ന ഈ സംഘം പത്തു ദിവസത്തിനുള്ളില്‍ ഓഡിറ്ററുമായി ചര്‍ച്ച നടത്തി കാര്യങ്ങളില്‍ വ്യക്തത വരുത്തും. 26-ാം തീയതിക്കുള്ളില്‍ തിരുത്തിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം.
പരിപാടിയില്‍ പങ്കെടുക്കാത്ത നന്ദഗോവിന്ദം ഭജന്‍സിന് ലക്ഷക്കണക്കിന് രൂപ നല്‍കിയതായും 4,000 പേര്‍ പ്രഭാതഭക്ഷണം കഴിച്ചതായുമുള്ള കണക്കുകള്‍ തെറ്റായ രേഖകളുടെ അടിസ്ഥാനത്തില്‍ വന്നതാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വിശദീകരിക്കുന്നു. ലഭ്യമായ മെറ്റീരിയലുകള്‍ വച്ച് ഓഡിറ്റര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ഇത്തരം അപാകതകള്‍ ടാസ്‌ക് ഫോഴ്‌സ് വിശദമായി പഠിക്കുമെന്നാണ് കെ ജയകുമാര്‍ പറയുന്നത്.
‘മുന്‍ ബോര്‍ഡ് എടുത്ത തീരുമാനപ്രകാരം അയ്യപ്പസംഗമത്തിന്റെ ചെലവ് 4.99 കോടി രൂപയായി നിജപ്പെടുത്തിയിട്ടുണ്ടെന്നും കെ ജയകുമാര്‍ ചൂണ്ടിക്കാട്ടി. ഇതിനായി ബോര്‍ഡ് നേരത്തെ അഡ്വാന്‍സ് നല്‍കിയ മൂന്ന് കോടി രൂപ ഇപ്പോള്‍ തിരികെ അക്കൗണ്ടില്‍ ക്രെഡിറ്റ് ആയിട്ടുണ്ട്. സ്‌പോണ്‍സര്‍ഷിപ്പിലൂടെ തുക കണ്ടെത്താനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത് എങ്കിലും ഇത് പൂര്‍ണ്ണമായും വിജയിച്ചിട്ടില്ലെന്നും കെ ജയകുമാര്‍ പറഞ്ഞു. പ്രതീക്ഷിച്ച സ്‌പോണ്‍സര്‍ഷിപ്പ് തുക പൂര്‍ണ്ണമായും ലഭിക്കാത്തത് ബോര്‍ഡിന് വലിയ വെല്ലുവിളിയാണ്. അദാനി ഗ്രൂപ്പ് നല്‍കുമെന്ന് പറഞ്ഞ ഒരു കോടി രൂപ ഉള്‍പ്പെടെ ഏകദേശം 3.85 കോടി രൂപ മാത്രമാണ് നിലവില്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിക്കുക. സ്‌പോണ്‍സര്‍ഷിപ്പ് നല്‍കാമെന്ന് ഏറ്റ പലരും പിന്നീട് വേണ്ടത്ര പ്രതികരിക്കാത്തത് തിരിച്ചടിയായെന്ന് പറഞ്ഞ കെ ജയകുമാര്‍ ഈ കുറവ് നികത്താന്‍ ബോര്‍ഡിന്റെ സ്വന്തം ഫണ്ട് ഉപയോഗിക്കില്ലെന്ന് പ്രസിഡന്റ് ഉറപ്പുനല്‍കി. കോടതിയില്‍ നല്‍കിയ വാക്ക് പാലിച്ച് ബാക്കി തുക കൂടി സ്‌പോണ്‍സര്‍ഷിപ്പിലൂടെ തന്നെ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും ജയകുമാര്‍ വ്യക്തമാക്കി.
എന്നാല്‍, ഐഐഐസി പോലുള്ള ഏജന്‍സികള്‍ സമര്‍പ്പിച്ച ഫൈനല്‍ ബില്ലുകള്‍ ഏകദേശം 7.11 കോടി രൂപയോളം വരുന്നുണ്ട്. തങ്ങള്‍ നിശ്ചയിച്ച തുകയില്‍ കൂടുതല്‍ നല്‍കാന്‍ കഴിയില്ലെന്ന് ബോര്‍ഡ് ഏജന്‍സികളെ അറിയിച്ചിട്ടുണ്ടെന്നും കെ ജയകുമാര്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന സമയം ആഗോള അയ്യപ്പസംഗമത്തിനുമെല്ലാം ശേഷം നവംബറിലാണ് മുന്‍ ചീഫ് സെക്രട്ടറി കൂടിയായ കെ ജയകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി സര്‍ക്കാര്‍ നിയമിച്ചത്.