വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചുള്ള ബജറ്റ് പ്രഖ്യാപനത്തില്‍ സര്‍ക്കാരിനെതിരെ നിയമസഭയില്‍ അഴിമതി ആരോപണമുയര്‍ത്തി പ്രതിപക്ഷം. മദ്യ കമ്പനിയായ ബക്കാര്‍ഡിയ്ക്ക് വേണ്ടിയാണ് നികുതി പരിഷ്‌കരണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ ആരോപിച്ചു. ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം കൊയ്യാന്‍ പറ്റുന്ന അവസരം മെല്ലെ ഇതില്‍ തിരുകിയിരിക്കുകയാണെന്നും ഇത് ഗൗരവമായ വിഷയമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
നികുതി ഇളവ് ആവശ്യപ്പെട്ട് ബക്കാര്‍ഡി ഇന്ത്യ 2023 ല്‍ അപേക്ഷ നല്‍കിയെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. പുതിയ ബജറ്റിന്റെ ഷെഡ്യൂള്‍ അവതരിപ്പിക്കുമ്പോള്‍ അതില്‍ ഫിനാന്‍സ് ബില്ല് ഉണ്ടായിരുന്നില്ല. അത് കാണിക്കുന്നത് പുതിയ നികുതി നിര്‍ദേശം ആലോചിച്ചില്ല എന്നാണ്. പുതിയ നികുതി നിര്‍ദേശത്തെ കുറിച്ച് യാതൊരു ആലോചനയും ബജറ്റ് തയാറാക്കുമ്പോള്‍ തന്നെ ഉണ്ടായിരുന്നില്ല എന്നാണ് വ്യക്തമാകുന്നത്. പക്ഷേ, ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം കൊയ്യാന്‍ പറ്റുന്ന അവസരം മെല്ലെ ഇതില്‍ തിരുകിയിരിക്കുകയാണെന്ന് പിണറായി വിജയൻ ആരോപിച്ചു.
ഇത് ഗൗരവമായ വിഷയമാണ്. 251 ശതമാനം നിലവിലുള്ള നികുതിയാണ് 120 ശതമാനമാക്കി കുറയ്ക്കുന്നത്. 131 ശതമാനത്തിന്റെ കുറവ് എന്തിന് വേണ്ടിയാണിത്? ആര്‍ക്ക് വേണ്ടിയാണിത്. നമ്മുടെ നാട്ടിലുള്ള സാധാരണക്കാര്‍ക്ക് ഇതുകൊണ്ട് എന്താണ് ഗുണം. നമ്മുടെ നാട്ടിലെ സാധാരണക്കാര്‍ക്കോ മനുഷ്യര്‍ക്കോ വേണ്ടിയല്ല ഈ വന്നിട്ടുള്ള നിര്‍ദേശം. ഇതിന്റെ ഗുണഭോക്താവ് എല്ലാവര്‍ക്കുമറിയുന്നത് പോലെ കര്‍ണാടകയിലെ ഒരു മദ്യ കമ്പനിയാണ്. ഇവിടെയാണ് പ്രശ്‌നം. കര്‍ണാടകയിലെ മദ്യ കമ്പനി, ബക്കാര്‍ഡിക്ക് വേണ്ടിയുള്ള നിര്‍ദേശമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു.