കൊല്ലത്ത് മോഷണക്കുറ്റം ആരോപിച്ച് ആറാംക്ലാസുകാരനെ ബോർഡിങ് സ്കൂളിൽ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചെന്ന് പരാതി. പുനലൂർ വെട്ടിത്തിട്ട ലിവിങ് വാട്ടേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിക്കെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ ബോയ്സ് ഹോം വാർഡൻ ടോം, പാചകക്കാരൻ ബിജു കുര്യൻ എന്നിവരെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു.
പാചകക്കാരൻ ബിജു കുര്യന്റെ 500 രൂപ മോഷ്ടിച്ചു എന്നാരോപിച്ച് കുട്ടിയെ പാചകക്കാരനും വാർഡനും ചേർന്ന് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചെന്ന് കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. വീട്ടിലെത്തിയ കുട്ടി അസ്വാഭാവികത പ്രകടിപ്പിച്ചതിനെത്തുടർന്ന് രക്ഷിതാക്കൾ ചോദിച്ചപ്പോഴാണ് സംഭവം പുറത്തുപറഞ്ഞത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
പണം എടുത്തിട്ടില്ലെന്ന് കുട്ടി ആവർത്തിച്ചെങ്കിലും കേൾക്കാൻ വാർഡനും പാചകക്കാരനും തയാറായില്ലെന്നും തലകീഴായി കെട്ടിത്തൂക്കി മർദിക്കാൻ ശ്രമിച്ചെന്നും കുട്ടി പൊലീസിനു മൊഴി നൽകി. തുടർന്ന് ടോമിനെയും ബിജു കുര്യനെയും അറസ്റ്റ് ചെയ്തു. പൊലീസ് സ്ഥലത്തെത്തി ബോയ്സ് ഹോമിന്റെ ചുമതലക്കാരുടെ മൊഴിയെടുത്തു.
മകനെ കാലിൽ കയർ കെട്ടി ഫാനിന്റെ ഹൂക്കിലാണ് തൂക്കിയിട്ടതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. മകന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുണ്ട്. വെക്കേഷൻ ആയപ്പോൾ കുട്ടിയെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നിരുന്നു. വീട്ടിലെത്തിയപ്പോഴും വിളിക്കാൻ ചെന്നപ്പോഴുമെല്ലാം അവൻ ആകെ വിഷമത്തിലായിരുന്നു. വിഷമിച്ചിരിക്കുന്നത് എന്തെന്ന് ചോദിച്ചപ്പോഴാണ് മകൻ വിവരം പറയുന്നത്. ലിജു എന്ന കുക്കാണ് ഉപദ്രവിച്ചത്. മുമ്പും മകനെ ഉപദ്രവിച്ചിട്ടുണ്ട്. സൂപ്രണ്ട് മകന്റെ ചെകിടത്താണ് അടിച്ചത്. നോക്കാൻ നിവർത്തിയില്ലാത്തത് കൊണ്ടാണ് ഹോസ്‌റ്റലിൽ നിർത്തി പഠിപ്പിക്കുന്നതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
അതേസമയം ഈ കാര്യങ്ങൾ എല്ലാം തന്നെ നിഷേധിച്ചിരിക്കുകയാണ് സ്ഥാപനം നടത്തിപ്പുകാരനായ പ്രിൻസ്. വിരട്ടാൻ വേണ്ടി കാലിൽ കെട്ടി എന്നാണ് ലൈജു പറഞ്ഞത്. ഇയാളെ മദ്യപാനം കാരണം ജോലിയിൽ നിന്ന് ഒഴിവാക്കിയതാണ്. ജോലിക്ക് കൊണ്ടു വന്നവർ അഭ്യർഥിച്ചപ്പോൾ കുറച്ച് ദിവസം കൂടി താമസിക്കാൻ അനുവദിച്ചു. വീടില്ലെന്ന് പറഞ്ഞിരുന്നു, കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് സംഭവം നടക്കുന്നത്. അന്ന് വരെയേ അയാൾ ജോലിയിൽ ഉണ്ടായിരുന്നുള്ളൂ. ഈ പറഞ്ഞ പോലെ ഒന്നും നടന്നതായി കുട്ടികൾ ആരും തന്നോട് പറഞ്ഞിട്ടില്ലെന്നും പ്രിൻസ് പറഞ്ഞു.