സംസാരത്തിനിടെ സിഗ്‌നൽ ലൈറ്റിന്റെ സ്വിച്ച് മാറി കുത്തി സ്റ്റേഷൻ മാസ്റ്റർ, പ്ലാറ്റ്‌ഫോമില്ലാത്ത പാളത്തിലെത്തി നിന്ന് മാവേലി എക്സ്‌പ്രസ്; ഒഴിവായത് വൻ ദുരന്തം

മംഗളൂരു- തിരുവനന്തപുരം മാവേലി എക്സ്‌പ്രസ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയത് തെറ്റായ പാളത്തിൽ. സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് വരേണ്ട വണ്ടി വന്ന് നിർത്തിയത് പ്ലാറ്റ്‌ഫോമില്ലാത്ത നടുവിലത്തെ പാളത്തിലാണ്. വ്യാഴാഴ്ച വൈകിട്ട് 6.44നാണ് സംഭവം. കാഞ്ഞങ്ങാട്ട് സ്റ്റോപ്പില്ലാത്ത തീവണ്ടികൾ കടന്നുപോകുന്ന പാളമാണിത്. ഈ സമയം പാളത്തിൽ മറ്റ് വണ്ടിയില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

സിഗ്‌നൽ ലൈറ്റ് തെറ്റായി തെളിഞ്ഞതാണ് വണ്ടി പാളം മാറി വരാൻ കാരണമായത്. വണ്ടി വരുന്ന സമയം പച്ച സിഗ്‌നൽ ലൈറ്റ് തെളിഞ്ഞത് രണ്ടാം നമ്പർ പാളത്തിലേക്കായിരുന്നു. സ്റ്റേഷൻ മാസ്റ്റർക്ക് പറ്റിയ അബദ്ധമാണ് സിഗ്‌നൽ ലൈറ്റ് മാറാനിടയാക്കിയതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. യാത്രക്കാരന്റെ ചോദ്യത്തിന് മറുപടി പറയവേ സിഗ്‌നൽ ലൈറ്റിന്റെ സ്വിച്ച് മാറി അമർത്തിയെന്നാണ് സ്റ്റേഷൻ മാസ്റ്റർ കൃഷ്ണ മുരാരി നൽകുന്ന വിശദീകരണം.

പ്ലാറ്റ്ഫോമില്ലാത്ത മധ്യലൈനിൽ തീവണ്ടി നിന്നതോടെ യാത്രക്കാരും കുടുങ്ങി. ലഗേജുമായി വണ്ടിയിലെങ്ങനെ കയറുമെന്ന് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ യാത്രക്കാർ ആശങ്കപ്പെട്ടപ്പോൾ ലഗേജുമായി എങ്ങനെ പ്ലാറ്റ്ഫോമില്ലാത്തിടത്തേക്ക് ഇറങ്ങുമെന്ന് പറഞ്ഞ് കമ്പാർട്ടുമെന്റിന്റെ വാതിലിൽ യാത്രക്കാർ തിങ്ങിനിന്നു.

പ്രായമായവരും സ്ത്രീകളും കുട്ടികളുമെല്ലാം പ്ലാറ്റ്ഫോമിൽ നിന്ന് ഏറെ ബുദ്ധിമുട്ടിയാണ് പാളത്തിലേക്കിറങ്ങിയത്. ഇറങ്ങിയശേഷം ഒന്നാമത്തെ പാളം മുറിച്ചുകടന്ന് പ്ലാറ്റ്‌ഫോമിനടുത്ത് എത്തിയ പലരും എങ്ങനെ മുകളിലേക്ക് കയറുമെന്നറിയാതെ പകച്ചു നിന്നു. ചിലരെ കൂടെയുള്ളവർ കൈപിടിച്ചു കയറ്റി. ചിലർ കയറുന്നതിനിടെ തെന്നിവീണു. വണ്ടിയിൽ കയറാനുള്ളവരിൽ ചിലർ പ്ലാറ്റ്‌ഫോമിന്റെ അവസാന ഭാഗത്തേക്ക് ഓടി. അവിടെ നിന്ന് പാളത്തിലേക്കിറങ്ങി മീറ്ററുകളോളം നടന്നുവന്നു.

യാത്രക്കാർക്ക് ഇറങ്ങാനും കയറാനും സമയമെടുത്തതിനാൽ തീവണ്ടി ഏഴുമിനിറ്റ് സ്റ്റേഷനിൽ നിർത്തിയിട്ടു. യാത്ര തുടർന്ന വണ്ടി ഇതേ പാളത്തിലൂടെ മുന്നോട്ട് പോയ ശേഷമാണ് വീണ്ടും ഒന്നാം നമ്പർ പാളത്തിലേക്ക് പ്രവേശിച്ചത്.

ഈ സമയം സ്റ്റേഷനിൽ വണ്ടി കാത്ത് കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരൻ ഉണ്ടായിരുന്നു. യാത്രക്കരുടെ ദുരിതം നേരിൽ കണ്ടുനിന്ന എംഎൽഎ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് യാത്രക്കാർക്കുണ്ടായ പ്രയാസം അറിയിച്ചു. സംഭവത്തെക്കുറിച്ച് റെയിൽവേ അന്വേഷണം ആരംഭിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക