സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് നായർ മൊഴി നൽകിയതായി ക്രൈംബ്രാഞ്ച്. ഇഡിക്കെതിരായ കേസിൽ ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് മൊഴിയുടെ വിശദാംശങ്ങൾ ഉള്ളത്. മുഖ്യമന്ത്രി പിണറായി വിജയന് പുറമേ മന്ത്രി കെ.ടി. ജലീല്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്കെതിരേ മൊഴി നല്‍കാനും സന്ദീപ് നായരെ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.
സ്വര്‍ണക്കടത്തുമായി ബന്ധമില്ലാത്ത വ്യക്തികളെ മനഃപൂര്‍വ്വം ഇതിലേക്ക് വലിച്ചിഴക്കുന്നതിനായി ഇ.ഡി സമ്മര്‍ദ്ദം ചെലുത്തി. ഇതിനായി വ്യാജതെളിവുകളടക്കം നിര്‍മ്മിച്ചെന്നും ഇതില്‍ അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സന്ദീപ് നായരുടെ മൊഴിയുടെ പൂര്‍ണരൂപം റിപ്പോര്‍ട്ടില്‍ ഇല്ല. പരാമര്‍ശങ്ങള്‍ മാത്രമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഇ.ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കഴിഞ്ഞദിവസമാണ് ക്രൈംബ്രാഞ്ച് സംഘം സന്ദീപ് നായരെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍.