ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി. പ്രതികൾക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ചോദിച്ചു. കുറ്റപത്രം നൽകിയാൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാനാകും. അല്ലാത്ത പക്ഷം പൊതുജനങ്ങൾക്ക് അന്വേഷണത്തിൽ സംശയം ഉണ്ടാകുമെന്നും കോടതി പറഞ്ഞു.
അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ ഏറെ നിർണായകമായ സ്വർണ്ണം ചെമ്പാക്കിയതിന്റെ രേഖകൾ ശാസ്ത്രീയ പരിശോധന നടത്താൻ ഒരുങ്ങുകയാണ് എസ്ഐടി. ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പത്മകുമാറിൻ്റെ കയ്യക്ഷരം പരിശോധിക്കും. മിനുട്സ് തിരുത്തിയത് പത്മകുമാർ എന്ന് ഉറപ്പാക്കാനായാണിത്. ഇതിനായി കയ്യക്ഷര സാമ്പിൾ ശേഖരിച്ചു.
കുറ്റപത്രം നൽകുന്നതിന്റെ ഭാഗമായാണ് എസ്ഐടിയുടെ നടപടി. എന്നാൽ കുറ്റപത്രം നൽകാൻ കടമ്പകൾ ഏറെയാണ്. ജീവനക്കാർക്കെതിരെ കുറ്റപത്രം നൽകാൻ പ്രോസിക്യൂഷൻ അനുമതി വേണം. അനുമതി നൽകേണ്ടത് സർക്കാരും ബോർഡുമാണ്. അന്വേഷണം പൂർത്തിയായാൽ മാത്രമേ അനുമതി തേടാൻ കഴിയൂ. എഫ്എസ്എൽ റിപ്പോർട്ട് കിട്ടാനും പ്രോസിക്യൂഷൻ അനുമതി കിട്ടാനും ദിവസങ്ങൾ വേണ്ടിവരും. കുറ്റപത്രം സമർപ്പിക്കുന്നത് വൈകും എന്നത് വ്യക്തമാണ്.