പേടിസ്വപ്‌നമായി വീണ്ടും കല്ലട; യുവതിക്കു നേരെ പീഡനശ്രമം; ബസ് അശ്രദ്ധമായി ഓടിച്ചതിനാല്‍ യാത്രക്കാരന്റെ തുടയെല്ല് ഒടിഞ്ഞു

കല്ലട ബസില്‍ യുവതിക്കു നേരെ പീഡനശ്രമം. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന ട്രിച്ചി സ്വദേശിനിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തില്‍ ബസിന്റെ രണ്ടാം ഡ്രൈവര്‍ ജോണ്‍സണ്‍ ജോസഫിനെ അറസ്റ്റു ചെയ്തു. ബസ് മലപ്പുറം തേഞ്ഞിപ്പാലം പൊലീസ് പിടിച്ചെടുത്തു. പുലര്‍ച്ചെ രണ്ടിന് സഹയാത്രികരാണ് പ്രതിയെ തടഞ്ഞുവെച്ചത്.

പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. യാത്രാമധ്യേ ബസ് കാക്കഞ്ചേരിയിലെത്തിയപ്പോഴാണ് യുവതിക്ക് നേരെ പീഡനശ്രമമുണ്ടായത്. മലപ്പുറം തേഞ്ഞിപ്പാലത്തു വെച്ചാണ് ബസ് പൊലീസ് പിടികൂടുന്നത്. ജോണ്‍സണ്‍ ജോസഫ് പൊലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ക്കെതിരെ ലൈംഗികാതിക്രമം തടയലിനുള്ള 354-ാം വകുപ്പ് പ്രകാരം കേസെടുത്തു. വൈകാതെ ഇയാളെ കോടതിയില്‍ ഹാജരാക്കും. യുവതി പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. യുവതി തനിച്ചായിരുന്നു യാത്ര ചെയ്തിരുന്നത്.

യാത്രക്കാരോടുള്ള കല്ലട ബസ് ജീവനക്കാരുടെ മറ്റൊരു ക്രൂരത കൂടി പുറത്തു വന്നു. കഴിഞ്ഞ ദിവസം അമിത വേഗത്തിലും അശ്രദ്ധയോടെയും ഓടിച്ച ബസ് ഹമ്പില്‍ ചാടിയതിനാല്‍ യാത്രക്കാരന്റെ തുടയെല്ല് പൊട്ടി. പയ്യന്നൂര്‍ സ്വദേശി മോഹനനാണ് പരിക്കേറ്റത്. അലറി വിളിച്ച് കരഞ്ഞിട്ടും ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ജീവനക്കാര്‍ തയ്യാറായില്ലെന്ന് മോഹനന്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മോഹനനെ മകന്‍ എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. 40 വര്‍ഷമായി ബംഗളൂരുവിലാണ് മോഹനന്‍. പെരുമ്പിലാവില്‍ നിന്നാണ് ഇയാള്‍ വാഹനത്തില്‍ കയറിയത്. 2.30- ഓടെ രാംനഗരയ്ക്ക് സമീപമാണ് സംഭവം. മോഹനന്‍ ഉറക്കത്തിലായിരുന്നു. അമിതവേഗത്തിലായിരുന്ന വണ്ടി ഹമ്പില്‍ ചാടിയതോടെ മോഹനന്‍ തെറിച്ചു വീഴുകയായിരുന്നു.

ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ജീവനക്കാര്‍ ആശുപത്രിയിലെത്തിക്കാന്‍ കൂട്ടാക്കിയില്ലെന്ന് മോഹനന്‍ പറഞ്ഞു. ഒടുവില്‍ അവസാന സ്റ്റോപ്പായ മടിവാളയില്‍ എത്തിയപ്പോഴാണ് ബസ് നിര്‍ത്തി മോഹനനെ ഇറക്കിയത്. മകനെത്തിയാണ് തന്നെ ആശുപത്രിയിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയും യാത്രക്കാരോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ കല്ലട ബസിന്റെ ജീവനക്കാര്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. പാതിരാത്രിയില്‍ രാത്രിഭക്ഷണത്തിന് നിര്‍ത്തിയ ഇടത്ത് നിന്നും 23 വയസുകാരിയായ യുവതിയെ കയറ്റാതെ കല്ലട പാതിവഴിയിലാക്കി പോയതായി വാര്‍ത്തകളുണ്ടായിരുന്നു. പെണ്‍കുട്ടി രാത്രിയില്‍ ബസിന് പിന്നാലെ ഓടിയിട്ടും കല്ലട ജീവനക്കാര്‍ കണ്ട ഭാവം നടിച്ചില്ല. യുവതി രാത്രിയില്‍ റോഡിലൂടെ ഓടുന്നത് കണ്ട് കടകളില്‍ ഉണ്ടായിരുന്നവര്‍ ഒച്ചയിട്ടിട്ടും വാഹനങ്ങള്‍ ഹോണ്‍ മുഴക്കിയിട്ടും കല്ലട ഡ്രൈവര്‍ ശ്രദ്ധിച്ചതേയില്ല. ഒടുവില്‍ ഓവര്‍ടേക്ക് ചെയ്ത് ബസിന് മുന്നില്‍ ഒരു ഡ്രൈവര്‍ കാര്‍ നിര്‍ത്തിയാണ് കാര്യം ബോധിപ്പിച്ചത്.

എന്നിട്ടും മടങ്ങി വന്ന് യുവതിയെ കയറ്റാന്‍ കല്ലട ജീവനക്കാര്‍ തയ്യാറായില്ല. രാത്രി 10.30യ്ക്ക് ദേശീയ പാതയിലൂടെ അഞ്ച് മിനിട്ടോളം ഓടിയാണ് യുവതി ബസില്‍ കയറിയത്.

Latest Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി