ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും വിവാഹ വാഗ്ദാനം നല്‍കി പീഡനവുമടക്കം പരാതികള്‍ ഒന്നിന് പുറകേ ഒന്നായി വരുന്നതോടെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് ആലോചന. ആദ്യം മുതല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന വിഡി സതീശനും കെ മുരളീധരനും രമേശ് ചെന്നിത്തലയുമടക്കം നേതാക്കള്‍ ശക്തമായി നിലപാടില്‍ നില്‍ക്കുമ്പോള്‍ രാഹുലിനെ പിന്തുണച്ചു കൊണ്ടും നിന്നിരുന്ന ഷാഫി പറമ്പില്‍ അടക്കമാളുകള്‍ ഇന്നലത്തെ പരാതിയോടെ പ്രതിരോധമില്ലാത്ത അവസ്ഥയിലാണ്.
രാഹുലിന്റെ കാര്യത്തില്‍ ഇനി പ്രതീക്ഷയില്ലെന്നും പുകഞ്ഞ കൊള്ളി പുറത്താണെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറയുകയും ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്ന് കടുത്ത ഭാഷയില്‍ അറിയിക്കുകയും ചെയ്തതോടെ നേതൃത്വം കടുത്ത തീരുമാനത്തിലേക്ക് എത്തിയെന്ന് വ്യക്തമാവുകയാണ്. സസ്പെന്‍ഷന്‍ എന്നത് തെറ്റുതിരുത്തി തിരിച്ചുവരാനുള്ള ഒരു മാര്‍ഗമായിട്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടി അനുവര്‍ത്തിച്ചുവരുന്നതെങ്കിലും ഇക്കാര്യത്തില്‍ ഇനി അതിന് സ്‌കോപ്പില്ലാത്ത സാഹചര്യത്തില്‍ ശക്തമായിട്ടുള്ള നടപടി പാര്‍ട്ടിയുടെ ഭാഗത്തു നിന്നുണ്ടാകുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. രാഹുലിനെതിരേ കെപിസിസി കടുത്ത നടപടികള്‍ക്ക് ഒരുങ്ങുകയാണെന്ന് മാധ്യമങ്ങളെ അറിയിച്ചതും മുരളീധരനാണ്.
പിന്നാലെ രാഹുല്‍ ഇനി പാര്‍ട്ടിയില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനടക്കമുള്ള നേതാക്കള്‍ നിലപാടെടുത്തു. ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ എന്നിവരടക്കമുള്ളവരും രാഹുലിനെതിരേ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. ഒരുസമയത്തും രാഹുലിനെ സംരക്ഷിക്കുന്ന നിലപാട് എടുത്തിട്ടില്ലെന്നും അങ്ങനെ ചെയ്യില്ലെന്നും ജെബി മേത്തറും വ്യക്തമാക്കി. ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണെന്നും അവര്‍ പറഞ്ഞു. രാഹുലിനെ ഏറെക്കുറെ കൈവിട്ടെന്ന സൂചന നല്‍കി ഷാഫി പറമ്പിലും പ്രതികരണം നടത്തിയതോടെയ രാഹുലിന്റെ രാജി ആസന്നമാണെന്ന് വ്യക്തമാവുകയാണ്.
യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വാദം ഇന്ന് നടക്കാനിരിക്കെ ബലാല്‍സംഗ പരാതി വീണ്ടും ഉയര്‍ന്നതോടെയാണ് കോണ്‍ഗ്രസിനു മുന്നില്‍ മറ്റ് വഴികളില്ലാതെയത്. ബെംഗളൂരു സ്വദേശിനിയായ യുവതി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിയ്ക്കും നേരിട്ട് ഇ-മെയിലില്‍ ബലാല്‍സംഗ പരാതി അയച്ചതോടെ കെപിസിസി വെട്ടിലായി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും യുവതി പരാതി അയച്ചിരുന്നു. താന്‍ നേരിട്ടത് ക്രൂര ബലാല്‍സംഗമാണെന്ന് യുവതി പരാതിയില്‍ പറയുന്നുണ്ട്. ഇതോടെ രാഹുലിനെതിരേ കടുത്ത വിമര്‍ശനവുമായി സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം രംഗത്തെത്തുകയായിരുന്നു.
ലൈംഗിക പീഡനപരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഏഴാം ദിവസവും ഒളിവിലാണ്. രാഹുലിനെ തിരഞ്ഞ് പൊലീസ് കര്‍ണാടകയിലെത്തി. ഇന്നലെ രാത്രി ബെംഗളൂരുവില്‍ തിരച്ചില്‍ നടത്തി. രാഹുല്‍ പാലക്കാട്ടുനിന്ന് മുങ്ങാന്‍ ഉപയോഗിച്ച കാറിന്റെ ഉടമയായ നടിയില്‍നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. രാഹുലുമായി സൗഹൃദമുണ്ടെന്ന് നടി പൊലീസിനെ അറിയിച്ചു. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തിരുവനന്തപുരം സെഷന്‍സ് കോടതി പരിഗണിക്കുകയാണ്. കോടതിയില്‍നിന്ന് നടപടികളുണ്ടായാല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതിനെക്കുറിച്ചാണ് നേതൃത്വം ആലോചിക്കുന്നത്. വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ രാഹുലിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെപ്പിച്ചിരുന്നു.