കണ്ടാലും കൊണ്ടാലും പഠിക്കാത്തയാളാണ് രാഹുൽ ഗാന്ധിയെന്നും പ്രാദേശിക പ്രവർത്തകന്റെ കാര്യവിവരം പോലും രാഹുൽ ഗാന്ധിക്ക് ഇല്ലെന്നും മുഖ്യമന്ത്രി. വാർത്താ സമ്മേളനത്തിലാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷവിമർശനം ഉയർത്തിയത്. സിപിഎം-ബിജെപി ഡീൽ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
‘അഖിലേന്ത്യാ നേതാവായ രാഹുൽ ഗാന്ധിക്ക് പ്രാദേശിക പ്രവർത്തകന്റെ കാര്യവിവരം പോലും ഇല്ല എന്നതാണ് വസ്തുത. ഒരു കാര്യവും നേരെചൊവ്വേ മനസ്സിലാക്കില്ല. കണ്ടാലും കൊണ്ടാലും രാഹുൽ ഗാന്ധി പഠിക്കില്ല. ഇതൊന്നും രാഷ്ട്രീയ നേതാവിന് ചേർന്ന ഗുണമല്ല. കോൺഗ്രസുകാർ സർവാദരണീയനായി കാണുന്ന നേതാവിന് ഇത്രമാത്രം അധഃപതനം എങ്ങനെയാണ് ഉണ്ടായതെന്ന് മനസ്സിലാകുന്നില്ല. രാഹുൽ ഗാന്ധിയും കോൺഗ്രസും ബിജെപിയുടെ ബി ടീം ആയിട്ടാണ് പ്രവർത്തിക്കുന്നത്. അതിനുതകുന്ന സമീപനമാണ് രാഹുൽ ഗാന്ധി എല്ലായിടത്തും സ്വീകരിക്കുന്നത്’ പിണറായി ആരോപിച്ചു.
കേന്ദ്ര ഏജൻസികൾ തനിക്കെതിരേ കേസെടുത്ത് ചോദ്യംചെയ്ത് ബുദ്ധിമുട്ടിച്ചപ്പോൾ മുഖ്യമന്ത്രിക്കെതിരായ കേസിൽ നടപടി ഉണ്ടായില്ല. അത് അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷഭാഷയിലുള്ള വിമർശനം.