തിരുവനന്തപുരം ഫോർട്ട് ഹൈസ്‌കൂളിൽ പ്രവേശനോത്സവത്തിന് പോക്‌സോ കേസ് പ്രതി വിശിഷ്ടാതിഥിയായി പങ്കെടുത്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി. പോക്സോ കേസിലെ പ്രതിയായ വ്ലോഗർ മുകേഷ് എം നായർ ഇന്നലെയാണ് സ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങിൽ പങ്കെടുത്തത്.
തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്കാണ് അന്വേഷണ ചുമതല. ഇതിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. അതേസമയം മുകേഷ് വരുന്ന കാര്യം അറിയില്ലായിരുന്നുവെന്നും സ്‌കൂളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് പരിപാടിക്കിടയിൽ മുകേഷിനെ കൊണ്ടുവന്നതെന്നുമാണ് പ്രധാന അധ്യാപകന്റെ വിശദീകരണം.
റീൽസ് ചിത്രീകരണത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരഭാഗങ്ങളിൽ സ്പർശിച്ചെന്നും നിർബന്ധിച്ച് അർധനഗ്നയാക്കി റീൽസ് ചിത്രീകരിച്ചുവെന്നും കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുകേഷ് എം നായർക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുകേഷ് നായർ സ്‌കൂളിൽ പ്രവേശനോത്സവത്തിൽ പങ്കെടുത്തത്.