പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ഐസിയുവിൽ. സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ കണ്ടതിനാലാണ് ഐസിയുവിലേക്ക് മാറ്റിയത്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പിന്നാലെയാണ് സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ കണ്ടത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മെഡിക്കൽ സംഘം അറിയിച്ചു.
വൃക്ക മാറ്റിവയ്ക്കലിനു ശേഷം എറണാകുളത്തെ വീട്ടിൽ വിശ്രമത്തിലായിരുന്നു മഅ്ദനി. ശസ്ത്രക്രിയക്ക് ശേഷം ഡോക്ടറുടെ സൂഷ്മ നിരീക്ഷണത്തിലായിരുന്നു. സന്ദർശക നിയന്ത്രണത്തിലായിരുന്നു മൂന്നുമാസമായി മഅ്ദനി കഴിഞ്ഞത്.
രക്തസമ്മർദം കുറയുക, ഇടയ്ക്കിടെ കടുത്ത ശ്വാസതടസമുണ്ടാവുക, ഹൃദയമിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ സൂഫിയയും പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബും മറ്റ് പാർട്ടി നേതാക്കളും ആശുപത്രിയിൽ തുടരുകയാണ്.