പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കുന്നതിൽ പിബിയിലും കടുത്ത ഭിന്നത ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരണം. ഒരു വിഭാഗം പിബി അംഗങ്ങൾ ആണ് പിണറായി വിജയനെ പ്രതിപക്ഷ ,നേതാവാക്കിയതിൽ അതൃപ്തി അറിയിച്ചത്. പിണറായിക്ക് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കുന്നതിനെ അടിയന്തര പോളിറ്റ് ബ്യൂറോ യോഗത്തിൽ അഞ്ചിലധികം അംഗങ്ങൾ എതിർത്തു. എന്നാൽ സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിനൊപ്പം നിൽക്കാമെന്ന് പിബി തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ച ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരുന്നതുമാണ്. ഈ യോഗത്തില്‍ പിണറായി വിജയന്‍ തന്റെ നിലപാട് അറിയിച്ചിരുന്നില്ല. തുടര്‍ന്ന് പ്രതിപക്ഷ നേതൃസ്ഥാനം ചര്‍ച്ചയായില്ലെന്ന് ജനറല്‍ സെക്രട്ടറി എം എ ബേബി തന്നെ അറിയിക്കുകയും ചെയ്തു.
പിന്നീട് സംസ്ഥാന സെക്രട്ടറിയേറ്റ് പിണറായി വിജയന്റെ പേര് മുന്നോട്ട് വെക്കുകയും അത് സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ചയാവുകയും ചെയ്ത ഘട്ടത്തിലാണ് വീണ്ടും ഓണ്‍ലൈനില്‍ പൊളിറ്റ് ബ്യൂറോ യോഗം ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്തത്. അപ്പോഴാണ് വിഷയത്തില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നത്. പത്ത് കൊല്ലത്തിൽ ആദ്യമായിട്ടാണ് പിണറായിക്കെതിരെ ഇത്ര എതിർപ്പ് പിബിയിൽ ഉയരുന്നത്. പിണറായിയെ വീണ്ടും സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് സംഘടനാപരമായി ശരിയല്ലെന്നായിരുന്നു ഉയര്‍ന്ന വിമർശനം.