പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ ഉത്കണ്ഠ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്നും എല്ലാ കാര്യങ്ങളും ദേശീയ നേതൃത്വത്തെ അറിയിക്കാറുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യം ദേശീയ നേതൃത്വത്തെ അറിയിച്ചെന്ന സൂചനയാണ് ബിനോയ് വിശ്വം നൽകുന്നത്.
ഇടതുപക്ഷം ഒരു പക്ഷമല്ലെന്നും അതിന് രാഷ്ട്രീയ ബോധമുണ്ട്, രാഷ്ട്രീയ ഐക്യമുണ്ട്, നിലപാടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. അതുകൊണ്ട് ഏത് പ്രശ്‌നങ്ങളും തീര്‍ക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി എല്‍ഡിഎഫിനുണ്ടെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.
അതേസമയം തൃശ്ശൂർ അഷ്ടമിച്ചിറയിൽ പ്രാദേശിക നേതാവിനെ പുറത്താക്കിയത് ആർക്കെങ്കിലും ഭക്ഷണം കൊടുത്തത് കൊണ്ടല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി ഭക്ഷണം കൊടുക്കുന്ന പാർട്ടിയാണ്. പുറത്താക്കിയെങ്കിൽ അതിൻറെതായ കാരണമുണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. മന്ത്രി ഒ ജെ ജനീഷിന് ഭക്ഷണം നൽകിയ സിപിഐ പ്രവർത്തകനെ പുറത്താക്കിയത് വിവാദമായിരുന്നു.