ശിവഗിരി മഠവുമായി ബന്ധപ്പെട്ട് ഒമ്പത് പേർ ജയിച്ചിട്ടുണ്ടെന്നും ആറ് പേരെയെങ്കിലും മന്ത്രിമാരാക്കണമെന്ന ആവശ്യം നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ അറിയിച്ചിട്ടുണ്ടെന്നും ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. കേരളത്തിലെ പട്ടികജാതി പട്ടിക വർഗ വിഭാഗത്തിന് വകുപ്പുള്ളതുപോലെ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയെയും ആവശ്യമുണ്ട്. കേരളത്തിൽ 42 ഓളം പിന്നാക്ക സമുദായങ്ങളുണ്ട്. സമുദായങ്ങളുടെ വളർച്ചയ്ക്ക് വേണ്ടി വകുപ്പ് മന്ത്രിയുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെയും മന്ത്രിസഭയിലും അവരുടെ പേഴ്‌സണൽ സ്റ്റാഫിലും പിന്നാക്ക ദളിത് വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം നൽകണമെന്ന് ശിവഗിരി മഠം ആവശ്യപ്പെട്ടിരുന്നു. ജാതിമത ഭേദമന്യേ എല്ലാവരുടെയും വോട്ട് വാങ്ങി ജയിച്ചുവരുന്ന ജനപ്രതിനിധികൾ ജാതി മത ഭേദമില്ലാതെ പ്രവർത്തിക്കണം. ജനപ്രതിനിധികളായി സമുദായ പ്രാതിനിത്യം ലഭിക്കാത്ത സമുദായങ്ങൾക്ക് പ്രത്യേക പരിഗണന നൽകണം. ഏതെങ്കിലും ജാതിമത വിഭാഗങ്ങൾക്ക് മന്ത്രിസഭയിൽ അമിത പ്രാതിനിധ്യം നൽകരുതെന്നും ആവശ്യപ്പെട്ടിരുന്നു.
നേരത്തെ പിന്നാക്ക വിഭാഗത്തിലെ പ്രമുഖരായ കെ സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, അടൂർ പ്രകാശ് എന്നിവർക്ക് മതിയായ പ്രാതിനിധ്യം നൽകണമെന്നും കൊടിക്കുന്നിൽ സുരേഷിനെ കെപിസിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കണമെന്നും ശിവഗിരി മഠം നിർദേശിച്ചിരുന്നു.