'ഒരു മുതലാളിക്ക് പണം കണ്ടതിന്റെ ധാര്‍ഷ്ട്യത്തിൽ എന്തും വിളിച്ചു പറയാമെന്നോ, അതിവിടെ വെച്ചു പൊറുപ്പിക്കില്ല' - മുത്തൂറ്റിനെതിരെ രൂക്ഷ പ്രതികരണവുമായി ഐ എൻ ടി യു സി നേതാവ്

മുത്തൂറ്റ് ഫിനാൻസിൽ ഒരു തരത്തിലുള്ള ട്രേഡ് യൂണിയൻ പ്രവർത്തനവും അനുവദിക്കില്ലെന്ന ചെയര്‍മാന്‍ എം . ജി ജോര്‍ജ്ജിന്റെ പ്രസ്താവന ട്രേഡ് യൂണിയനുകൾ ഒരുമിക്കുന്നതിന് കാരണമായി. മുത്തൂറ്റ് ചെയര്‍മാന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി, എഐടിയുസി തുടങ്ങിയ സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ശമ്പള വര്‍ധനയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ട് നടത്തുന്ന സമരത്തോട് നിഷേധാത്മക സമീപനമാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നതെന്ന് ആരോപിച്ചാണ് തൊഴിലാളി യൂണിയനുകള്‍ സംഘടിക്കുന്നത്. യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡണ്ട് ആര്‍. ചന്ദ്രശേഖരൻ പറഞ്ഞു. മുത്തൂറ്റിന്റെ ഹെഡ് ഓഫീസിലേക്ക് അടുത്ത മാസം നാലാം തീയതി തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി മാർച്ച് നടത്തും. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ സഹായ സമിതികള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമരത്തോടുള്ള മുത്തൂറ്റ് ചെയര്‍മാന്റെ നിഷേധാത്മക നിലപാടുകളെ രൂക്ഷമായ ഭാഷയിലാണ് ഐഎന്‍ടിയുസി നേതാവ് ചോദ്യം ചെയ്തത്.

ഒരു തരത്തിലുള്ള തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്ന് പറഞ്ഞ മുത്തൂറ്റ് ചെയര്‍മാന്റെ നിലപാട് ധാര്‍ഷ്ട്യമാണെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി വന്ന് പറഞ്ഞാലും തൊഴിലാളി യുണിയന്‍ അനുവദിക്കില്ലെന്നാണ് ജോര്‍ജ്ജ് മൂത്തൂറ്റ് പറഞ്ഞത്. ഒരു മുതലാളിക്ക് പണം കണ്ടതിന്റെ ധാര്‍ഷ്ട്യത്തിൽ എന്തും വിളിച്ചു പറയാമെന്നാണെങ്കില്‍, ഓര്‍ത്തോളൂ, അതിവിടെ വെച്ചു പൊറുപ്പിക്കില്ല. മുത്തൂറ്റിലേത് ഇപ്പോള്‍ ഒരു തൊഴില്‍ പ്രശ്‌നം മാത്രമല്ല, സാമൂഹ്യ പ്രശ്‌നം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

“തൊഴിലാളി സംഘടിക്കരുത്, അവകാശം ചോദിക്കരുത് എന്നൊക്കെ ഒരു മുതലാളി ഭീഷണിപ്പെടുത്തിയാല്‍ എല്ലാവരും പേടിച്ചു പോകുമെന്ന് കരുതിയോ? സമരം നിര്‍ത്തിയില്ലെങ്കില്‍ ഞങ്ങള്‍ കേരളം വിട്ടുപോകുമെന്നാണ് മുത്തൂറ്റിന്റെ മറ്റൊരു ഭീഷണി. പോവുകയോ പോവാതിരിക്കുകയോ എന്തുവേണമെങ്കിലും അവര്‍ ചെയ്തോട്ടെ. ഒന്നുമാത്രം ഓര്‍ക്കുക, ഒരു മുതലാളി പിണങ്ങിപ്പോയതുകൊണ്ട് ഈ രാജ്യത്തെ തൊഴിലാളികള്‍ പട്ടിണിയില്‍ ആയിപ്പോവുകയൊന്നുമില്ല. മുതലാളി മുതലാളിയായി നില്‍ക്കണമെങ്കില്‍ തൊഴിലാളി കൂടി വേണം. മുതലാളിയുടെ മുതല്‍ കൂട്ടുന്നത് തൊഴിലാളിയാണ്. അതേസമയം തന്നെ ഒരു തൊഴിലാളി അവന്റെ തൊഴിലിടത്തില്‍ അനാവശ്യമായി മുദ്രാവാക്യം വിളിക്കുന്നത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യവുമാണ്. അന്തസ്സായി ജോലി ചെയ്യുക, അന്തസ്സായി കൂലി വാങ്ങുക എന്നതാണ് ഐഎന്‍ടിയുസി യുടെ നിലപാട്. മുതല്‍ മുടക്കുന്നവര്‍ നമുക്ക് വേണം. എങ്കിലേ തൊഴില്‍ ഉണ്ടാകൂ. മുതല്‍ മുടക്കുന്നവനോട് ബഹുമാനവും അവനോട് ആത്മാര്‍ത്ഥതയും ഉണ്ടാകണം. മുത്തൂറ്റിനോട് എനിക്കോ എന്റെ പ്രസ്ഥാനത്തിനോ വ്യക്തിപരമായി യാതൊരു വിരോധവമോ വൈരാഗ്യമോ ഇല്ല. എന്നാല്‍ അവര്‍ തൊഴില്‍ അവകാശങ്ങള്‍ അംഗീകരിക്കാതിരിക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്, ആ ബാധ്യത നിര്‍വഹിക്കുകയും ചെയ്യും,” – ചന്ദ്രശേഖരന്‍ പറഞ്ഞു.

2100 കോടി ലാഭം നേടിയെന്നു മുത്തൂറ്റ് തന്നെ പറഞ്ഞ കാര്യമാണ്. അങ്ങനെയൊരു സ്ഥാപനത്തില്‍ തൊഴിലാളികള്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്നു. അങ്ങനെയൊരു സമരം നടക്കുമ്പോള്‍ ഒന്നുകില്‍ സമരം ചെയ്യുന്നവരെ വിളിച്ച് സംസാരിക്കണം. അത് ശരിയാകില്ലെന്നു കണ്ടാല്‍ മറ്റ് മാര്‍ഗങ്ങള്‍ നോക്കാം. സര്‍ക്കാര്‍ സംവിധാനത്തിലോ അതല്ലെങ്കില്‍ മറ്റേതെങ്കിലും മധ്യസ്ഥതയിലോ ഒരു ചര്‍ച്ച നടത്തി മാന്യമായി ഈ പ്രശ്നം പരിഹരിക്കാമായിരുന്നല്ലോ. അതിനു പകരം ഒരു പത്രസമ്മേളനം വിളിച്ച്, അതില്‍ പങ്കെടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് ഞാന്‍ പറയുന്നത് നിങ്ങള്‍ കേട്ടാല്‍ മതി, എന്നോട് ആരും ചോദ്യം ചോദിക്കേണ്ട എന്നൊക്കെ അഹങ്കാരം പറയുകയാണ് ചെയ്യുന്നത്. ആ പത്രസമ്മേളനം കണ്ടപ്പോള്‍ മുത്തൂറ്റ് ചെയര്‍മാന്‍ ജോര്‍ജിനെ ജൂനിയര്‍ നരേന്ദ്ര മോദിയായിട്ടാണ് തോന്നിയതെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. എല്ലാവരും ഒരുമിച്ച് പോരാടിയാല്‍ മുതലാളിക്ക് എവിടെപ്പോയൊളിക്കാൻ കഴിയുമെന്നും ചന്ദ്രശേഖരന്‍ ചോദിച്ചു.

മുത്തൂറ്റിലെ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഒരു മണിക്കൂറോളം നീണ്ട വാർത്താ സമ്മേളനം ചെയര്‍മാന്‍ ജോര്‍ജ് മുത്തൂറ്റ് നടത്തിയത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാൻ ചെയര്‍മാന്‍ തയ്യാറായതുമില്ല. തന്റെ മെസേജ് മാധ്യമങ്ങൾക്ക് തരാനാണ് വന്നതെന്നായിരുന്നു മുത്തൂറ്റ് ചെയര്‍മാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

Latest Stories

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല