ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു. ആദിവാസി വിഭാഗത്തിൽ പെട്ട വിനോദ് കുമാർ എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതിയുടെ കുറ്റസമ്മതം.
യുവതിയെ ബലാത്സംഗത്തിന് ശേഷം കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഗവിയിൽ നിന്നും മീനാർ ഭാഗത്തേക്ക് പോകുന്ന റോഡിൻ്റെ അടുത്തുള്ള വനത്തിൽ താൽക്കാലിക ഷെഡ്ഡ് കെട്ടി ഒളിച്ച് താമസിക്കുകയായിരുന്നു പ്രതി. ഇതിനിടെയാണ് ഇവിടുത്തെ റോഡിലൂടെ പതിവായി ജോലിക്ക് പോവുകയും വരികയും ചെയ്യുന്ന യുവതിയെ പ്രതി നിരീക്ഷിക്കുന്നത്.
തുടർന്ന് ഇന്ന് രാവിലെ പ്രദേശത്ത് നിന്നും ഒരു കിലോമീറ്റർ മാറിയുള്ള സ്ഥലത്ത് വച്ച് യുവതിയെ ആക്രമിക്കുകയായിരുന്നു. യുവതിയെ തള്ളിയിട്ട് ആക്രമിക്കുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറയുന്നു. ഈ യുവതിയെ ഇയാൾ സ്ഥിരമായി ശല്യം ചെയ്യാറുണ്ടെന്ന് പൊലീസ് കണ്ടെത്തി. അതേസമയം, പ്രതിക്കൊപ്പം 13 വയസോളം തോന്നിക്കുന്ന പെൺകുട്ടിയേയും കണ്ടെത്തിയിട്ടുണ്ട്. ഈ കുട്ടിയെ കുറിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്.