മാസപ്പടിക്കേസിൽ എക്സാലോജിക് സൊല്യൂഷൻസിന്റെ മുഴുവൻ സാമ്പത്തിക വിവരങ്ങൾ തേടി ഇഡി. കേസിൽ വീണാ വിജയൻ്റെ മൊഴിയെടുക്കുകയാണ് ഇഡി. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്. ശ്രീകാര്യത്ത് വീണ വിജയന്റെ കമ്പനിയിലെ മുൻ ഉദ്യോഗസ്ഥന്റെ വീട്ടിലും ഇഡി പരിശോധന നടക്കുന്നുണ്ട്.
മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 10 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. തിരുവനന്തപുരത്തെ വാടക വീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇഡി എത്തിയത്. കണ്ണൂരിലെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.
കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്തയേയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്. 2019 ജനുവരിയിൽ ആദായനികുതി വകുപ്പ് സിഎംആർഎല്ലിൽ നടത്തിയ റെയ്ഡിൽ ചെലവുകൾ പെരുപ്പിച്ചു കാട്ടി 132.82 കോടി രൂപയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരുന്നത്. ലഭിക്കാതിരുന്ന സേവനങ്ങൾക്കാണ് വീണയ്ക്ക് പണം നൽകിയതെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തൽ.