മുസ്ലിം വ്യക്തി നിയമ പ്രകാരം പ്രായപൂർത്തിയായില്ലെങ്കിലും ഋതുമതിയായ പെൺകുട്ടിക്ക് വിവാഹിതയാകാമെന്ന് ഡൽഹി ഹൈക്കോടതി. ഇത്തരം ഒരു സന്ദർഭത്തിൽ പെൺകുട്ടിയുടെ ഭർത്താവിനെതിരെ കേസെടുക്കാനാവില്ലെന്നും കോടതി ഉത്തരവിറക്കി. ബിഹാറിൽ വെച്ച് ഇത്തരത്തിൽ വിവാഹിതരായ ദമ്പതികളുടെ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
വീട്ടുകാരുടെ ശക്തമായ എതിർപ്പുകൾക്കിടയിൽ ആയിരുന്നു വിവാഹം. പെൺകുട്ടി ഗർഭിണിയായതോടെയാണ് വീട്ടുകാർ ഭർത്താവിനെതിരെ പോക്സോ ഫയൽ ചെയ്‌തത്. എന്നാൽ, തന്റെ കക്ഷിക്ക് 19 വയസായെന്ന് ആധാർ കാർഡ് ഹാജരാക്കി പെൺകുട്ടിയുടെ അഭിഭാഷകൻ വാദിച്ചു. എന്നിരുന്നാലും വിവാഹം കഴിഞ്ഞതിന് ശേഷം നടക്കുന്ന ലൈംഗികബന്ധത്തിന്‍റെ പേരിൽ കേസ് എടുക്കാൻ പറ്റില്ല എന്നതായിരുന്നു കോടതി ഉത്തരവ്.
നേരത്തെ 16-ാം വയസ്സിൽ മുസ്‍ലിം പെൺകുട്ടികൾക്ക് വിവാഹം കഴിക്കാമെന്ന മുസ്‍ലിം വ്യക്തിനിയമത്തിലെ നിർദേശം ശരിവെച്ച് പഞ്ചാബ്, ഹരിയാന ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു. 16 മുതൽ 21 വയസുവരെയുള്ള ദമ്പതികൾക്ക് അവരുടെ മാതാപിതാക്കളിൽ നിന്നും സംരക്ഷണം നൽകാനാണ് വിധിയെന്നും ഹൈക്കോടതി പ്രസ്താവിച്ചു.