ശബരിമലയില്‍ നടന്നത് വന്‍ സ്വര്‍ണക്കൊള്ളയെന്ന് സ്ഥിരീകരിച്ച് വി.എസ്.എസ്.സി പരിശോധനാ ഫലം. ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ പൊതിഞ്ഞ സ്വർണ്ണത്തിന്റെ അളവിൽ കുറവുണ്ടെന്ന നിർണ്ണായക കണ്ടെത്തലാണ് വിക്രം സാരാഭായ് സ്‌പേസ് സെന്റർ പരിശോധനാ റിപ്പോർട്ടിൽ ഉള്ളത്. 1998-ൽ ശില്പങ്ങളിൽ പൊതിഞ്ഞ സ്വർണ്ണത്തിന്റെ ഭാരവും നിലവിലെ ഭാരവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണത്തിന്റെ അളവിലാണ് ഈ കുറവ് വലിയ തോതിൽ കണ്ടെത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിള, ദ്വാരപാലക പാളികളിൽ സ്വർണം കുറവ് വന്നതായും കണ്ടെത്തി. 1998ൽ സ്വർണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യ പരിശോധന നടത്തിയപ്പോഴാണ് വ്യത്യാസം കണ്ടെത്തിയത്. റിപ്പോർട്ട് എസ്‌ഐടി നിഗമനങ്ങൾ സഹിതം നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും.