കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് എസ്എഫ്ഐ നടത്തുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. ആര്‍എസ്എസിനെതിരായി സന്ധിയില്ലാത്ത സമരം തുടരുമെന്നും അദേഹം പറഞ്ഞു.
കര്‍ഷക തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും സാധാരണക്കാരുടെയും പട്ടിണിപ്പാവങ്ങളുടെയും മക്കളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം ജീവന്‍ കൊടുത്തും സംരക്ഷിക്കും. വ്യാഴാഴ്ച കേരള സര്‍വകലാശാലയിലേക്കും രാജ്ഭവനിലേക്കും എസ്എഫ്‌ഐ സമരം സംഘടിപ്പിക്കും
കേരളത്തിലെ ജനങ്ങള്‍ തമസ്‌കരിച്ച സംഘപരിവാറിന് രാഷ്ട്രീയ പിന്‍ബലമുണ്ടാക്കാനാണ് പുറംവാതിലിലൂടെ നിയമനം നടത്തി സംഘികളായ വിസിമാരെ ?ഗവര്‍ണര്‍ കൊണ്ടുവന്നത്. സ്വാതന്ത്ര്യസമരം മുതല്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇടമില്ലാത്ത ആര്‍എസ്എസ്, എല്ലാ നന്മകളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുകയെന്നത് ആര്‍എസ്എസിന്റെ ഉദ്ദേശമാണ്. കേരള സര്‍വകലാശാലയില്‍ ഇങ്ങനെ ഇരുന്നുപോകാമെന്ന് വിസിയും ഗവര്‍ണറും കരുതേണ്ട.
സര്‍ക്കാരാണ് ശമ്പളം നല്‍കുന്നത്, ആര്‍ലേക്കര്‍ അല്ലെന്ന് വിസിമാര്‍ ചിന്തിക്കണം. മുഖ്യമന്ത്രിക്കസേര കിട്ടാത്ത സങ്കടം കേരളത്തില്‍ വന്നല്ല ഗവര്‍ണര്‍ തീര്‍ക്കേണ്ടത്. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം കാട്ടുകയാണെന്നും ശിവപ്രസാദ് കൂട്ടിച്ചേര്‍ത്തു.