സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്.
മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കന്യാകുമാരിക്ക് മുകളില്‍ നിലനില്‍ക്കുന്ന ചക്രവാത ചുഴയുടെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണം. ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാല്‍ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍ പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തി.
ബംഗാള്‍ ഉള്‍ക്കടലില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവര്‍ എത്രയും വേഗം അടുത്തുള്ള തീരത്തേക്ക് മടങ്ങാനും കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കി. ആന്‍ഡമാന്‍കടലിലെ ന്യൂനമര്‍ദം വരും ദിവസങ്ങളില്‍ തീവ്രന്യൂനമര്‍ദമാകും. ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്. ശ്രീലങ്കയ്ക്ക് മുകളിലും അറബിക്കടലിലും ചക്രവാത ചുഴികളും നിലനില്‍ക്കുന്നുണ്ട്.