ഭർതൃവീട്ടുകാരുടെ മുന്നിൽവെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ കേസിൽ സുഫൈദയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. ശരീരത്തിലുണ്ടായത് പുതിയ പാടുകളാണ്. മുഖത്തും കൈയിലും രക്തം കല്ലിച്ച പാടുകളുണ്ട്. നഖത്തിന്റെ പാടുകളും ശരീരത്തിലുണ്ട്. ആത്മഹത്യ ചെയ്ത ദിവസം യുവതിയെ മർദ്ദിച്ചിരുന്നുവെന്ന് ഭർത്താവ് ആദിൽ സമ്മതിച്ചു. ആദിൽ റിമാൻഡിലാണ്.
ശനിയാഴ്ച്ചയാണ് കാസർകോട് പാണലത്ത് ചർലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ(24) ജീവനൊടുക്കിയത്. ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് യുവതിയുടെ കുടുംബം ആരോപിച്ചത്. ഇന്ന് ഇരുവരുടെയും വിവാഹത്തിന്റെ ഒന്നാം വാർഷികമാണ്. കുടുംബം വിവാഹസമയത്ത് നൽകിയ സ്വർണാഭരണങ്ങളും മഹറായി നൽകിയ മാലയുമടക്കം ഭർത്താവ് ആവശ്യപ്പെട്ടിരുന്നുവെന്നും അതിനായി സുഫൈദയെ നിരന്തരം മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി കുടുംബം ആരോപിച്ചിരുന്നു.
ശനിയാഴ്ച്ച സുഫൈദയുടെ ഭർത്താവിന്റെ വീട്ടിൽ സ്വർണവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. അതിനിടെ ഭർത്താവ് സുഫൈദയെ മർദിക്കുകയും വിവരം പുറത്തു പറയാതിരിക്കാൻ ഫോൺ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് സുഫൈദ ഭർതൃവീട്ടുകാരുടെ മുന്നിൽവെച്ചുതന്നെ ആസിഡ് കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഭർതൃവീട്ടുകാർ യുവതിയെ ആശുപത്രിയിലെത്തിക്കാൻ പോലും ശ്രമിച്ചില്ലെന്നും നീ അനുഭവിച്ചോ എന്ന നിലപാടാണ് അവർക്കുണ്ടായിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞു. വിദ്യാനഗർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.