കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച്ച വാഴൂരില്‍; മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും; വൈകിട്ട് വിലാപയാത്ര കാനത്തേക്ക് പുറപ്പെടും

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം നാളെ രാവിലെ ഏഴിന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് എത്തിക്കും. ഉച്ചയ്ക്ക് രണ്ടു വരെ പട്ടം സിപിഐ ഓഫീസില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. ശേഷം വിലാപയാത്രയായി കോട്ടയത്തേക്ക് പുറപ്പെടും. ഞായറാഴ്ച രാവിലെ 11 മണിയോടെയാകും വാഴൂര്‍ കാനത്തെ വീട്ടുവളപ്പില്‍ സംസ്‌കാരം.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കാനത്തിന്റെ അന്ത്യം. അനാരോഗ്യംമൂലം കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. പിന്നാലെയാണ് മരണം. ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നതുമൂലം അദ്ദേഹം കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. അടുത്തസമയത്ത് കാലിന് ശസ്ത്രക്രിയയും നടന്നു.

1950ല്‍ കോട്ടയം കാനത്ത് ജനനം. വാഴൂര്‍ എസ് വി ആര്‍ എന്‍ എസ് എസ് സ്‌കൂള്‍, കോട്ടയം ബസേലിയോസ് കോളജ്, മോസ്‌കോ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു പഠനം. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്. 2022ല്‍ തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തില്‍വച്ച് മൂന്നാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാകുന്നത്. 53 വര്‍ഷമായി സംസ്ഥാന കൗണ്‍സില്‍ അംഗമാണ്.

രണ്ട് തവണ കോട്ടയം ജില്ലാ സെക്രട്ടറിയായി. 2015 ല്‍ കോട്ടയം സംസ്ഥാനസമ്മേളനത്തില്‍ ആദ്യമായി സംസ്ഥാന സെക്രട്ടറിയായി.
എഐഎസ്എഫിലൂടെയായിരുന്നു പൊതുജീവിതം ആരംഭിച്ചത്. പിന്നീട് എഐവൈഎഫ് പ്രവര്‍ത്തകനായ കാനം 1970 ല്‍ സംസ്ഥാന സെക്രട്ടറിയായി. ദേശീയ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കേരളത്തില്‍ എഐവൈഎഫിന്റെ അടിത്തറ വിപുലമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

1970 ല്‍ സിപിഐ സംസ്ഥാന കൗണ്‍സിലിലും പിന്നീട് എന്‍ ഇ ബാലറാം സെക്രട്ടറിയായിരിക്കേ സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗമായി. 25 വയസായിരുന്നു അന്ന് പ്രായം. എംഎന്‍, സി അച്യുതമേനോന്‍, ടി വി തോമസ്, വെളിയം ഭാര്‍ഗവന്‍ തുടങ്ങിയ മഹാരഥന്മാര്‍ക്കൊപ്പമുള്ള പ്രവര്‍ത്തനത്തിലൂടെ ലഭിച്ച അനുഭവ സമ്പത്താണ് കാനത്തിന്റെ വഴികാട്ടി. യുവജന രംഗത്തു നിന്ന് നേരിട്ട് ട്രേഡ് യൂണിയന്‍ മേഖലയിലെ പ്രവര്‍ത്തനങ്ങളിലാണ് കാനം ശ്രദ്ധയൂന്നിയത്.

1970 ല്‍ കേരള സ്റ്റേറ്റ് ട്രേഡ് യൂണിയന്‍ കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയായി. പി ബാലചന്ദ്ര മേനോന്‍, കെ എ രാജന്‍, പി ഭാസ്‌കരന്‍, കല്ലാട്ട് കൃഷ്ണന്‍, ടി സി എസ് മേനോന്‍, കെ സി മാത്യു തുടങ്ങിയ മുന്‍നിര ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള പരിചയം പിന്നീട് എഐടിയുസിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനം നടത്താന്‍ ഉപകരിച്ചു.

ഈ ഘട്ടത്തിലാണ് വിവിധ അസംഘടിത മേഖലകളിലെ തൊഴിലാളികളുടെയും പുത്തന്‍തലമുറ ബാങ്കുകള്‍, ഐടി സ്ഥാപനങ്ങള്‍, മുതല്‍ സിനിമാ മേഖലയിലുള്‍പ്പെടെ പുതിയ യൂണിയനുകളുണ്ടാക്കിയത്. കെഇഡബ്ല്യുഎഫ് പ്രസിഡന്റ്, എഐടിയുസി ദേശീയ വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകളില്‍ ട്രേഡ് യൂണിയന്‍ രംഗത്ത് ശ്രദ്ധേയ ഇടപെടല്‍ നിര്‍വഹിക്കുന്നു.

1982 ല്‍ വാഴൂരില്‍ നിന്ന് നിയമസഭാംഗമായി. രണ്ട് തവണ വാഴൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് മികച്ച പാര്‍ലമെന്റേറിയന്‍ എന്ന ഖ്യാതി നേടി. നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളുടെ ജീവിത സുരക്ഷയ്ക്കായി കാനം നിയമസഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിന്റെ ചുവടുപിടിച്ചാണ് പിന്നീട് നിര്‍മ്മാണ തൊഴിലാളി നിയമം നിലവില്‍വന്നത്.

നിയമസഭയില്‍ ഈ സ്വകാര്യ ബില്ല് വോട്ടിനിട്ടാണ് അവതരണാനുമതി നേടിയത്. നിയമ നിര്‍മ്മാണ വേളകളില്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തിരുന്ന കാനം രാജേന്ദ്രന്‍ ഈ നിലയില്‍ ഏറെ ശ്രദ്ധേയനായി. കേരള നിയമസഭയില്‍ കോടിയേരി ബാലകൃഷ്ണനും രമേശ് ചെന്നിത്തലയും കാനവും കന്നിക്കാരായി ഒരുമിച്ചെത്തിയവരായിരുന്നു.

ഭാര്യ: വനജ. മക്കള്‍: സന്ദീപ്, സ്മിത. മരുമക്കള്‍ താരാ സന്ദീപ്, വി സര്‍വേശ്വരന്‍.

Latest Stories

IND vs ENG: "അവൻ കോഹ്‌ലിയുടെ ശൂന്യത പൂർണമായും നികത്തി"; ഇന്ത്യൻ താരത്തെ വാനോളം പ്രശംസിച്ച് വസീം ജാഫർ

'റവാഡക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം'; പിണറായി വിജയന്റെ 1995ലെ നിയമസഭാ പ്രസംഗം പുറത്ത്

IND vs ENG: “മുൻ ക്യാപ്റ്റനെപ്പോലെ വിരൽ ചൂണ്ടുന്നതും ഏറ്റുമുട്ടുന്നതും നിങ്ങൾക്ക് നല്ലതിനല്ല”: ഗില്ലിന്റെ ആക്രമണാത്മക സമീപനത്തെ പരിഹസിച്ച് ജോനാഥൻ ട്രോട്ട്

ആ സീൻ ഉള്ളതുകൊണ്ടാണ് 'അയാളും ഞാനും തമ്മിൽ' സംവിധാനം ചെയ്യാൻ തീരുമാനിച്ചത്: ലാൽ ജോസ്

IND vs ENG: 'ഫൈൻ കൊണ്ട് കാര്യമല്ല, അവരെല്ലാം വളരെ സമ്പന്നരാണ്'; ടെസ്റ്റിലെ സ്ലോ ഓവർ റേറ്റിനെതിരെ മൈക്കൽ വോൺ

IND vs ENG: ''ഇതിനെ പ്രൊഫഷണലിസം എന്നല്ല, വഞ്ചന എന്നാണ് ഞാൻ വിളിക്കുക''; ലോർഡ്‌സ് ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ 'തന്ത്രങ്ങളെ' വിമർശിച്ച് ഫറൂഖ് എഞ്ചിനീയർ

മലയാളത്തിൽ അഭിനയിക്കാത്തതിന് ഒരു കാരണമുണ്ട്, മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹം : ശിൽപ ഷെട്ടി

IND vs ENG: 'പ്രതികരണ സമയം മെച്ചപ്പെടുത്താൻ എഫ്1 പരിശീലകരോടൊപ്പം പ്രവർത്തിച്ചു'; വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം

IND vs ENG: 'ഞാനാണ് അതിന് കാരണം, അതിന് കുറച്ച് ഓവറുകൾക്ക് മുമ്പ്...'; പന്തിന്റെ പുറത്താകലിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ

IND vs ENG: 'മത്സരത്തിനിടെ മൈതാനത്ത് മസാജ് ചെയ്യാൻ കിടന്നവനാണോ ഞങ്ങളെ പഠിപ്പിക്കാൻ വരുന്നത്...'; ഗില്ലിനെ വിമർശിച്ച് ഇം​ഗ്ലണ്ട് കോച്ച് സൗത്തി