കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. സാഹിത്യ അക്കാദമി പ്രസിഡൻറ് സ്ഥാനം രാജിവെക്കാനാണ് താൻ എത്തിയതെന്ന് സച്ചിദാനന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഭരണത്തുടർച്ചയെ സംബന്ധിച്ച കാര്യങ്ങളിൽ ഇനി ഒന്നും പറയാനില്ല. പത്തുവർഷം കഴിഞ്ഞാൽ കോൺഗ്രസും ഇതുപോലെ പോകേണ്ടിവരും. അക്കാദമി വൈസ് പ്രസിഡണ്ട് അശോകൻ ചരുവിലും രാജിവച്ചു. സാംസ്കാരിക വകുപ്പ് സെക്രട്ടറിക്ക് രാജി സമർപ്പിച്ചു. ഇമെയിൽ വഴിയാണ് രാജി സമർപ്പിച്ചത്.
രാജി ഇന്നുണ്ടായേക്കുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കമന്റിലൂടെ സൂചന നൽകിയിരുന്നു. തിരഞ്ഞെടുപ്പിൽ രണ്ട് വലതുപക്ഷ കക്ഷികള്‍ തമ്മിലായിരുന്നു മത്സരം എന്ന് എല്ലാ ശരിയായ ഇടതുപക്ഷക്കാരും തിരിച്ചറിഞ്ഞു. ഇനി ഒരു തിരിച്ചുവരവ് സാധ്യമോ എന്നത് പാർട്ടികൾ നടത്തുന്ന ആശയപരവും വര്‍ഗപരവുമായ അഴിച്ചുപണിയെ ആശ്രയിച്ചിരിക്കുന്നുവെന്നും സച്ചിദാനന്ദൻ ഫേസ്ബുക്കിൽ പ്രതികരിച്ചു.
ഇടതുപക്ഷത്തെ മനുഷ്യര്‍ തന്നെയാണ് ഇത് ഇടതുപക്ഷം അല്ലാതായി എന്നറിഞ്ഞ് എൽഡിഎഫിനെതിരെ വോട്ട് ചെയ്തതെന്ന് സച്ചിദാനന്ദൻ പ്രതികരിച്ചു. അത് സത്യസന്ധരായ നേതാക്കള്‍ സമ്മതിച്ചിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടർഭരണവുമായി ബന്ധപ്പെട്ട് സച്ചിദാനന്ദൻ അഭിപ്രായം പറഞ്ഞത് നേരത്തെ വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. കേരളത്തിന് നല്ലത് രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്നതാണെന്നും ബംഗാളിൽ സംഭവിച്ചത് തന്നെ ഉദാഹരണമെന്നും സച്ചിദാനന്ദൻ പറഞ്ഞിരുന്നു.