പാലക്കാട് നഗരസഭയിൽ “ജയ് ശ്രീറാം” എന്ന് എഴുതിയ ഫ്ളക്സ് തൂക്കിയ സംഭവത്തിൽ നാലു ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. വടക്കന്തറ സ്വദേശി ലിനീഷ്, പട്ടിക്കര സ്വദേശി ദാസൻ, കൊപ്പം സ്വദേശികളായ ബിനു, ഉണ്ണികൃഷ്ണൻ എന്നിവരെയാണ് ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. നാലുപേരെയും പിന്നീടു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
കേസിൽ എട്ടുപേർ കൂടി അറസ്റ്റിലാകുമെന്നു വിവരം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ എൻ.ഡി.എ വിജയം ഉറപ്പാക്കിയതിൽ ആഹ്ലാദം പ്രകടിപ്പിക്കാനാണ് നഗരസഭാ കെട്ടിടത്തിൽ ബി.ജെ.പി പ്രവർത്തകർ ജയ് ശ്രീറാം ഫ്ളക്സ് തൂക്കിയത്. ഒന്നിൽ ശിവജിയുടെ ചിത്രത്തിനൊപ്പം ജയ് ശ്രീറാം എന്നും മറ്റൊന്നിൽ മോദി, അമിത് ഷാ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം വന്ദേമാതരം എന്നുമാണ് എഴുതിയിരുന്നത്. പിന്നീട് പൊലീസ് ഇടപെട്ട് ഫ്ളക്സ് നീക്കുകയായിരുന്നു.
ഭരണഘടനാ സ്ഥാപനമായ മുനിസിപ്പല്‍ ഓഫീസിന് മുകളില്‍ കയറി ഹിന്ദുത്വ മുദ്രാവാക്യം മുഴക്കുകയും “ജയ് ശ്രീറാം” എന്ന ബാനര്‍ ചുവരില്‍ വിരിക്കുകയും ചെയ്തു എന്ന നഗരസഭാ സെക്രട്ടറിയുടെ പരാതിയിലാണ് ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തത്.