പല മന്ത്രിമാർക്കും എംപിമാർക്കും എംഎൽഎമാർക്കും ഭാര്യക്കു പുറമേ ഇൻ ചാർജ് ഭാര്യമാരുണ്ടെന്ന അധിക്ഷേപ പരാമർശവുമായി സമസ്ത നേതാവ് ഡോ. ബഹാവുദ്ദീൻ നദ്‌വി. മന്ത്രിമാർക്കും എംപിമാർക്കും എംഎൽഎമാർക്കും ഒരു ഭാര്യയായിരിക്കും ഉണ്ടാവുക. എന്നാൽ, വൈഫ് ഇൻചാർജ്ജുകളായി വേറെ ആളുണ്ടാകും. ഇങ്ങനെ ഇല്ലാത്തവർ കൈ ഉയർത്താൻ പറഞ്ഞാൽ ആരും ഉണ്ടാവില്ലെന്നും ബഹുഭാര്യത്വത്തെ എതിർത്ത് ഇവരൊക്കെ സമൂഹത്തിൽ മാന്യന്മാരായി നടക്കുകയാണെന്നും ആയിരുന്നു ഡോ. ബഹാവുദ്ദീൻ നദ്‌വിയുടെ വിവാദ പരാമർശം.
കേരള മുൻ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ അമ്മ 11 വയസിലാണ് വിവാഹം ചെയ്തതെന്നും ബഹാവുദ്ദീൻ നദ്‌വി പറഞ്ഞു. പെൺകുട്ടികളെ പ്രായപൂർത്തിയാകും മുൻപ് വിവാഹം കഴിപ്പിക്കുന്നതിനെ ന്യായീകരിക്കുന്നതിൻറെ ഭാഗമായാണ് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ അമ്മയുടെ വിവാഹത്തെപ്പറ്റി പ്രസംഗത്തിനിടെ സംസാരിച്ചത്. കോഴിക്കോട് മടവൂരിൽ സുന്നി മഹല്ല് ഫെഡറേഷൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നദ്‌വി. അറബിക് സർവകലാശാലയുടെ ചാൻസിലറായി പ്രവർത്തിക്കുന്നയാളാണ് ഡോ. ബഹാവുദ്ദീൻ നദ്‌വി.