പ്രതിപക്ഷ നേതാവ് വിഡി സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ. ശബരിമല സ്വർണക്കൊള്ളയിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് നൽകാനാണ് സതീശനോട് കടകംപള്ളി സുരേന്ദ്രൻ വെല്ലുവിളി ഉയർത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെല്ലുവിളി ഉയർത്തിയിരിക്കുന്നത്.
ശബരിമല സ്വർണക്കൊള്ള വിവാദം ഉയർന്നതിന് പിന്നാലെയാണ് മുൻ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ വിഡി സതീശൻ ആരോപണങ്ങൾ ഉയർത്തിയത്. സ്വർണപ്പാളി പുറത്തുകൊണ്ടുവന്ന് വിറ്റെന്നും അതിന് ഒത്താശ ചെയ്തത് കടകംപള്ളി സുരേന്ദ്രനാണെന്ന് സഭയ്ക്ക് അകത്തും പുറത്തും വിഡി സതീശൻ പറഞ്ഞിരുന്നു.
പ്രതിപക്ഷ നേതാവ് ഉയർത്തിയ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം സബ് കോടതിയിൽ കടകംപള്ളി സുരേന്ദ്രൻ ഹർജി നൽകിയിരുന്നു. അതിൽ വാദം നടന്നിരുന്നു. വാദത്തിനിടെയുണ്ടായ കാര്യങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഇന്ന് പുറത്തുവന്നിരുന്നു. പിന്നാലെ, ഈ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്ന് പറഞ്ഞുകൊണ്ട് കടകംപള്ളി സുരേന്ദ്രന്റെ അഭിഭാഷകൻ രാജഗോപാൽ ഇന്ന് രാവിലെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ആ പോസ്റ്റ് കടകംപള്ളി സുരേന്ദ്രൻ റീപോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇതിനുശേഷം വിഡി സതീശൻ വീണ്ടും ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആരോപണങ്ങൾക്കുള്ള തെളിവ് നൽകാൻ വെല്ലുവിളിച്ചുകൊണ്ട് കടകംപള്ളി സുരേന്ദൻ പോസ്റ്റ് പങ്കുവെച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്
വിഡി സതീശനെതിരെ ഞാൻ ഫയൽ ചെയ്തിരിക്കുന്ന മാനനഷ്ട ഹർജിയുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത നൽകുന്നത് ഇന്നലെ മനോരമ ന്യൂസ് ആണ്. അത് തെറ്റാണ് എന്നും കോടതിയിൽ എന്താണ് നടന്നത് എന്നുമുള്ള എൻ്റെ വക്കീലിൻ്റെ പ്രസ്താവന ഞാൻ ഫേസ്ബുക്കിൽ പങ്ക് വെക്കുകയും മീഡിയ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു.
അതിന് ശേഷം നടന്നിരിക്കുന്ന തോന്നിവാസം ആണ് നിങ്ങൾ കമൻ്റിൽ കാണുന്നത്. ഇത് എന്തൊരു തരം മാധ്യമ പ്രവർത്തനം ആണ്?
എല്ലാ മീഡിയയിലും ഒരേ ടെംപ്ലേറ്റിൽ ഒരു വ്യാജ വാർത്ത വരുന്നുണ്ടെങ്കിൽ ഉറപ്പിക്കാം അതിൻ്റെ സോഴ്സ് ഒന്നായിരിക്കും എന്ന്. ആ സോഴ്സ് ആരായിരിക്കും എന്നും നമുക്ക് ഊഹിക്കാമല്ലോ.
ഇനി സതീശനോടാണ്. സതീശാ, നേരിൻ്റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു. എങ്കിലും പറയുകയാണ്, രാഷ്ട്രീയം മാന്യമായി പ്രവർത്തിക്കാൻ ഉള്ളതാണ്. താൻ എൻ്റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ. ചുണയുണ്ടെങ്കിൽ താൻ തൻ്റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്. കോടതിയും ജനങ്ങളും കാണട്ടെ..